ഇപ്പോഴത്തെ പരാജയം നോക്കണ്ട, കോഹ്ലിയും രോഹിതും തന്നെ ഓപ്പൺ ചെയ്യണം : ലാറ

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് കർശനമായ നിർദ്ദേശം നൽകി മുൻ വിൻഡിസ് താരം ബ്രയൻ ലാറ. ലോകകപ്പിൽ ഇന്ത്യക്കായി രോഹിത് ശർമയും വിരാട് കോഹ്ലിയും തന്നെ വരുന്ന മത്സരങ്ങളിലും ഓപ്പണർമാരായി ഇറങ്ങണം എന്നാണ് ലാറ നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ ഈ ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇരു താരങ്ങൾക്കും സാധിച്ചിരുന്നില്ല.

വിരാട് കോഹ്ലി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒരു റണ്ണും, രണ്ടാം മത്സരത്തിൽ 4 റൺസും, അവസാന മത്സരത്തിൽ പൂജ്യവുമാണ് നേടിയത്. അതേസമയം രോഹിത് ശർമ ഒരു അർധ സെഞ്ച്വറിയോടെയാണ് ലോകകപ്പ് ആരംഭിച്ചത്. ശേഷം അടുത്ത മത്സരത്തിൽ 13 റൺസും അമേരിക്കക്കെതിരെ 3 റൺസുമാണ് നേടിയത്. പക്ഷേ ഇന്ത്യ ഈ കൂട്ടുകെട്ട് തന്നെ തുടരണം എന്നാണ് ലാറ നിർദ്ദേശിക്കുന്നത്.

കോഹ്ലി- രോഹിത് ഓപ്പണിങ് സഖ്യത്തിൽ മാറ്റം വരികയാണെങ്കിൽ അത് ഇന്ത്യയുടെ ടീം കോമ്പിനേഷനെ ബാധിക്കും എന്നാണ് ലാറയുടെ നിഗമനം. “ഇന്ത്യയെ സംബന്ധിച്ച് തീർച്ചയായും ഒരു ഇടംകൈ വലംകൈ കോമ്പിനേഷൻ ഓപ്പണിങ്ങിൽ സജ്ജീകരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. എന്നാൽ അവർ അവരുടെ ഏറ്റവും മികച്ച താരങ്ങളെയാണ് ഓപ്പണിങ് ജോഡികളായി ഇറക്കിയത്.”

“ഇരുവരും ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഈ രണ്ടു താരങ്ങളിൽ ഉറച്ചുനിൽക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ഈ കോമ്പിനേഷനിൽ മാറ്റം വരുത്തിയാൽ വിരാട് കോഹ്ലിക്ക് മൂന്നാം നമ്പറിലോ മറ്റോ ഇറങ്ങേണ്ടി വന്നേക്കും. അത് ഇന്ത്യയുടെ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.”- ലാറ പറയുന്നു.

“ഇപ്പോൾ ഇന്ത്യക്കുള്ള കോമ്പിനേഷനെ തന്നെ ഇന്ത്യ പിന്തുണയ്ക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ടൂർണമെന്റ് മുൻപോട്ടു പോകുമ്പോൾ ഇന്ത്യക്ക് സാഹചര്യങ്ങൾ കൂടുതൽ അനുയോജ്യമായി മാറും. ഇപ്പോൾ അമേരിക്കയിലെ ബാറ്റിംഗ് സാഹചര്യങ്ങൾ അത്ര മികച്ചതായി തോന്നുന്നില്ല. മാത്രമല്ല നിലവിൽ ഇന്ത്യ മത്സരങ്ങളിൽ വിജയം കണ്ടെത്തുകയാണ്. ഈ സമയത്ത് അവർ തങ്ങളുടെ ടീമിൽ മാറ്റം വരുത്തുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.”- ലാറ കൂട്ടിച്ചേർക്കുകയുണ്ടായി.

ഇതുവരെ ഈ ലോകകപ്പിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് ഇന്ത്യ പുറത്തെടുത്തിട്ടുള്ളത്. കഴിഞ്ഞ 3 മത്സരങ്ങളിലും ആധികാരികമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കാനഡയ്ക്കെതിരെ ശനിയാഴ്ചയാണ് ഇന്ത്യയുടെ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരം നടക്കുന്നത്.

ഫ്ലോറിഡയിൽ നടക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ 8ൽ എത്താനാവും ഇന്ത്യ ശ്രമിക്കുക. മറുവശത്ത് മധ്യനിര ബാറ്റർമാരുടെ മോശം ഫോം ഇന്ത്യയെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് അടക്കമുള്ളവർ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് ശുഭസൂചനകൾ നൽകുന്നു.

Previous articleപാകിസ്ഥാൻ പുറത്ത്. ഇന്ത്യയ്ക്കൊപ്പം അമേരിക്ക സൂപ്പർ 8ൽ. ചരിത്ര നിമിഷം.
Next articleസൗത്താഫ്രിക്കയെ വിറപ്പിച്ച് നേപ്പാള്‍. ഒരു റണ്ണിനു വീണുപോയി.