ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ മധ്യനിര ബാറ്ററായ രാഹുൽ കാഴ്ചവച്ചത്. ഇതിന് ശേഷം രാഹുലിനെ ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന രീതിയിൽ വലിയ വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.
എന്നാൽ രാഹുലിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വെങ്കട്ടപതി രാജു. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്തെങ്കിലും, കേവലം ഒരു ഇന്നിംഗ്സിന്റെ പേരിൽ രാഹുലിനെ ഒഴിവാക്കാൻ പാടില്ല എന്നാണ് രാജു പറയുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പൂജ്യനായി പുറത്തായ രാഹുലിന് രണ്ടാം ഇന്നിങ്സിൽ 12 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ രാഹുൽ ഇനിയും ഇന്ത്യൻ ടീമിൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്നാണ് രാജു പറയുന്നത്.
“രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ പ്ലേയിംഗ് ഇലവനിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഞാനായിരുന്നു നായകനെങ്കിൽ ഞാൻ ഈ ടീം തന്നെ അടുത്ത മത്സരത്തിലും ഉപയോഗിച്ചേനെ. നമുക്ക് ബാറ്റിംഗ് ഓർഡറിൽ പരിചയസമ്പന്നരായ ബാറ്റർമാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ രാഹുലിനെ ഒരിക്കലും ബെഞ്ചിൽ ഇരുത്താൻ സാധിക്കില്ല.”- രാജു പറയുന്നു.
“പൂനെയിൽ നടക്കുന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തിലും രാഹുൽ കളിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെയാണ് നിൽക്കുന്നത്. മാത്രമല്ല രോഹിത് ശർമ ഒരു പോസിറ്റീവായ നായകനാണ്. അതുകൊണ്ടുതന്നെ പോസിറ്റീവ് മനോഭാവം വച്ചാവും രണ്ടാം മത്സരത്തിലും രോഹിത് മുന്നോട്ട് പോകുക. കഴിഞ്ഞ സംഭവങ്ങൾ കഴിഞ്ഞുവെന്നും, അടുത്ത മത്സരത്തിൽ വിജയം നേടുക എന്നതാണ് പ്രധാനമെന്നും പൂർണ ബോധ്യമുള്ള വ്യക്തിയാണ് രോഹിത് ശർമ. അതുകൊണ്ടു തന്നെ രാഹുലിനെ രോഹിത് നിലനിർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- രാജു കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ടെസ്റ്റ് പരമ്പര വരുന്നതിനാൽ തന്നെ ഇന്ത്യ കൂടുതൽ അവസരങ്ങൾ രാഹുലിന് നൽകേണ്ടതുണ്ട് എന്നാണ് രാജുവിന്റെ നിഗമനം.
“ഇന്ത്യ ഇപ്പോൾ തന്നെ ഓസ്ട്രേലിയയ്ക്ക് എതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു. അതിനിടെ നിരാശരാവാൻ പാടില്ല. അതുകൊണ്ടുതന്നെ ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ രാഹുൽ കളിക്കണം. അവനൊരു മികച്ച കളിക്കാരനാണെന്നും അവൻ ശക്തമായി തിരിച്ചുവരുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ ഇത്തരത്തിൽ തന്നെ ചിന്തിക്കണം.”- രാജു പറഞ്ഞുവെക്കുന്നു.