ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നേരിട്ട ഹൃദയഭേദകമായ പരാജയം ഇന്ത്യയെ വലിയ രീതിയിൽ ഞെട്ടിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ ഏകദിന പരമ്പരക്ക് ഇറങ്ങിയ ഇന്ത്യ 0-2 എന്ന നിലയിൽ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഈ പരാജയത്തോടെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സ്വപ്നങ്ങൾ അടക്കം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2025ൽ പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ശ്രീലങ്കൻ മണ്ണിൽ ഏകദിന പരമ്പര കളിച്ചത്. എന്നാൽ ശ്രീലങ്കയിലെ സ്പിൻ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റർമാർ അമ്പെ പരാജയപ്പെട്ടതായിരുന്നു കണ്ടത്. ഇതിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ മാറ്റമുണ്ടാകും എന്നതിന് സൂചന നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പരാജയം നേരിട്ടത് ഇന്ത്യയെ സംബന്ധിച്ച് വലിയ നിരാശയാവില്ല എന്നാണ് ദിനേശ് കാർത്തിക് കരുതുന്നത്. മാത്രമല്ല ടീമിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും കാർത്തിക് പറയുകയുണ്ടായി. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി തങ്ങളുടെ ഉഗ്രരൂപത്തിലേക്ക് തിരികെയെത്താൻ രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിന് കഴിയും എന്നാണ് കാർത്തിക് വിശ്വസിക്കുന്നത്. ക്രിക്ബസ് നടത്തിയ അഭിമുഖത്തിലാണ് കാർത്തിക് ഇക്കാര്യം പറഞ്ഞത്. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിനേശ് കാർത്തിക്.
“നമുക്ക് മുൻപിലുള്ള ആദ്യ ടൂർണ്ണമെന്റ് ചാമ്പ്യൻസ് ട്രോഫി തന്നെയാണ്. അവിടെ നിന്നാണ് ആരംഭിയ്ക്കേണ്ടത്. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നമുക്ക് മുൻപിലുള്ളത് ടെസ്റ്റ് മത്സരങ്ങളാണ്. വരാനിരിക്കുന്ന സമയങ്ങളിൽ ഇന്ത്യ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. അടുത്ത ഏകദിന പരമ്പരയിൽ വലിയ രീതിയിൽ മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടാകും എന്നത് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരെ അടുത്ത വർഷമാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര നടക്കുന്നത്. അതിനു മുൻപ് നമുക്ക് ഒരുപാട് സമയം ലഭിക്കും.”- ദിനേശ് കാർത്തിക്ക് പറഞ്ഞു.
“ഇക്കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ശ്രീലങ്കയിൽ കളിച്ചതിൽ നിന്ന് വിഭിന്നമായി ഒരു വ്യത്യസ്തമായ യൂണിറ്റിനെ ആവും നമുക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കാണാൻ സാധിക്കുക. കുറച്ച് മാറ്റങ്ങൾ ഇന്ത്യയുടെ ടീമിൽ ഉണ്ടാവും എന്നത് ഉറപ്പാണ്. പക്ഷേ ഒരു കാര്യം പറയാൻ സാധിക്കും. വലിയ ഇവന്റുകളെ എത്ര മികച്ച രീതിയിലാണോ ഇന്ത്യ നോക്കിക്കാണുന്നത് ആ സ്ഥാനത്തു തന്നെയായിരിക്കും ഈ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും ഇന്ത്യ നിൽക്കുന്നത്. എല്ലാവരും കൂടിയെത്തുമ്പോൾ ഇന്ത്യ തങ്ങളുടെ ഉഗ്രരൂപത്തിലെത്തും. അങ്ങനെയെങ്കിൽ മറ്റു ടീമുകൾക്കും ഭീഷണി സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യൻ ടീമിലെ താരങ്ങളുടെ കഴിവും പ്രതിഭയും മറ്റു ടീമുകളെയും അത്ഭുതപ്പെടുത്തും.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർക്കുന്നു.