“സഞ്ജുവിനെ ഇനി ട്വന്റി20യിൽ കളിപ്പിക്കരുത്”. വമ്പൻ വിമർശനവുമായി മുൻ ഇന്ത്യൻ താരം.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തരുത് എന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇതുവരെ ഇന്ത്യക്കായി വിവിധ പൊസിഷനുകളിൽ ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ കളിച്ചിട്ടുണ്ട്. എന്നാൽ ഈ പൊസിഷനുകളിലൊന്നും സഞ്ജുവിന് റൺസ് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും, അതുകൊണ്ടുതന്നെ സഞ്ജുവിനെ കളിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും ആകാശ് ചോപ്ര പറയുന്നു. ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണ് ഇന്ത്യ അവസരം നൽകണം എന്ന രീതിയിൽ വാദിച്ച ക്രിക്കറ്റർ കൂടിയാണ് ആകാശ് ചോപ്ര. എന്നാൽ ചോപ്രയുടെ ഇപ്പോഴത്തെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.

“സഞ്ജുവിന്റെ പൊസിഷൻ ആറാം നമ്പറിലാണ്. ആറാം നമ്പറിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ടീമിൽ കളിപ്പിക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം. മാത്രമല്ല ഹർദിക് പാണ്ഡ്യയെ ആറാം നമ്പരിൽ ബാറ്റിങ്ങിന് ഇറക്കുന്നതിനോട് എനിക്ക് വലിയ താല്പര്യവുമില്ല. എന്റെ അഭിപ്രായത്തിൽ അഞ്ചാം നമ്പർ പൊസിഷനിൽ ഹർദിക് ബാറ്റിംഗ് ഇറങ്ങുന്നതാണ് ഏറ്റവും ഉത്തമം.

ഒരു ടീമിലെ താരങ്ങളെയെടുത്താൽ എല്ലാവർക്കും ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാനാണ് താല്പര്യം. എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റിൽ ഒരു പൊസിഷനിൽ പോലും സഞ്ജുവിന് തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. വളരെ കുറച്ച് അവസരങ്ങളാണ് ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിച്ചിട്ടുള്ളത്. തുടർച്ചയായി അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതും ഇതിനോടൊപ്പം പറയേണ്ട കാര്യമാണ്.”- ആകാശ് ചോപ്ര പറയുന്നു.

“പലപ്പോഴും പ്രശ്നമായി വരുന്നത് സഞ്ജുവിന്റെ സ്ഥിരതയാണ്. 26, 16, 14, 12, 19 എന്നീ തരത്തിലാണ് ട്വന്റി20 യിൽ വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകളിലെ സഞ്ജുവിന്റ ശരാശരി. ഒരു അന്താരാഷ്ട്ര ക്രിക്കറ്റർ എന്ന നിലയിൽ ഇത് ഒരിക്കലും മതിയാവുന്ന ശരാശരിയല്ല. അതിനാൽ തന്നെ ഏതു ബാറ്റിംഗ് പൊസിഷനാണ് സഞ്ജുവിന് നൽകേണ്ടത് എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. നാലാം സ്ഥാനത്തെ സഞ്ജുവിന്റെ പ്രകടനം നോക്കിയാൽ ആ സ്ഥാനവും സഞ്ജുവിന് നൽകണമെന്ന് പറയാൻ എനിക്ക് സാധിക്കില്ല.”-ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വെസ്റ്റിൻഡിസിനെതിരായ ആദ്യ ഏകദിനത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസണ് സാധിച്ചില്ല. മത്സരത്തിൽ 12 പന്തുകൾ നേരിട്ട സഞ്ജു 12 റൺസാണ് നേടിയത്. മക്കോയ്‌ക്കെതിരെ ഒരു തകർപ്പൻ സിക്സർ നേടി സഞ്ജു ഇന്ത്യൻ പ്രതീക്ഷകൾ വർധിപ്പിച്ചെങ്കിലും ദൗർഭാഗ്യകരമായ രീതിയിൽ റൺഔട്ട് ആയി കൂടാരം കയറുകയായിരുന്നു. വരും മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിലെ സ്ഥാനത്തെ ബാധിച്ചേക്കും.