പരിക്കേറ്റ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കരന് പകരമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൊമിനിക്ക് ഡ്രേക്ക്സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെത്തിച്ചു. ഐപിഎല്‍ അവസാനിക്കാന്‍ ഒരാഴ്ച്ച മാത്രം നില്‍ക്കേയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നീക്കം. പഞ്ചാബിനെതിരെയുള്ള അവസാന ലീഗ് മത്സരവും, പ്ലേയോഫ് മത്സരങ്ങളുമാണ് ഇനി അവശേഷിക്കുന്നത്. ഇടം കൈയ്യന്‍ ബാറ്റസ്മാനും മീഡിയം പേസറുമാണ് ഈ താരം.
ഇതുവരെ 19 ടി20 മത്സരങ്ങള്‍ കളിച്ച ഡൊമിനിക്ക് ഡ്രേക്ക്സ് 159 സ്ട്രൈക്ക് റേറ്റില്‍ 153 റണ്‍സ് നേടി. 20 വിക്കറ്റുകളും 23 വയസ്സുകാരനായ താരത്തിന്‍റെ പേരിലുണ്ട്. നേരത്തെ ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനെ ലീഗില്‍ മുത്തമിടിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ച്ചവച്ചിരുന്നു. അന്ന് 48 റൺസെടുത്ത് പുറത്താവാതെ നിന്ന ഡൊമിനിക് ഡ്രേക്സാണ് സെന്റ് കിറ്റ്സിന്റെ വിജയശിൽപ്പിയായത്.
രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും പുറത്താവാന്‍ കാരണമായത്. മത്സരത്തിനു ശേഷമാണ് സാം കറന്‍ പുറം വേദന ഉണ്ടെന്ന് അറിയിച്ചത്. മത്സരത്തില്‍ ബാറ്റ് ചെയ്യാതിരുന്ന സാം കറന്‍ ബോളിംഗില്‍ 55 റണ്‍സ് വിട്ടുകൊടുത്തിരുന്നു. താരം ഇംഗ്ലണ്ട് ലോകകപ്പ് സ്ക്വാഡില്‍ നിന്നും പുറത്തായി.