രോഹിത് ശർമയ്ക്ക് ശേഷം ആര് ഇന്ത്യൻ ടീമിന്റെ ഭാവി നായകനാവും എന്നത് വലിയ ചർച്ച തന്നെയാണ്. നിലവിൽ രോഹിതിന് ശേഷം ഇന്ത്യയെ നയിക്കാൻ കെൽപ്പുള്ള സീനിയർ താരം പേസർ ജസ്പ്രീത് ബുംറയാണ്. എന്നാൽ ബുംറ നായകനാകുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്ക് പറയുന്നത്.
ബുംറ പൂർണമായും ബോളിംഗിൽ ശ്രദ്ധിക്കേണ്ട താരമാണ് എന്ന് കാർത്തിക്ക് പറയുന്നു. മാത്രമല്ല ഒരു നായകനായാൽ ബൂമ്രയ്ക്ക് എല്ലാ ഫോർമാറ്റിലും കളിക്കേണ്ടി വരുമെന്നും അത് അവന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നുമാണ് കാർത്തിക്ക് കരുതുന്നത്.
ഇന്ത്യ ബുമ്രയെ എല്ലാ ഫോർമാറ്റിയും നായകനാക്കിയാൽ അത് അവന്റെ ജോലിഭാരം വർധിപ്പിക്കുമെന്ന് കാർത്തിക് പറയുന്നു. “എല്ലാ കാര്യങ്ങളും പരിശോധിക്കുമ്പോൾ ബുമ്ര നായകനാവാൻ സാധിക്കുന്ന താരമാണ്. അവൻ വളരെ ശാന്തനാണ്. മികച്ച പക്വത പുലർത്താനും ബുമ്രയ്ക്ക് സാധിക്കുന്നുണ്ട്. പക്ഷേ അവനൊരു പേസ് ബോളറാണ് എന്ന കാര്യം നമുക്ക് മറക്കാൻ സാധിക്കില്ല. അങ്ങനെയുള്ളപ്പോൾ അവനെ 3 ഫോർമാറ്റുകളിലും കളിപ്പിക്കാൻ നമുക്ക് സാധിക്കില്ല. അതാണ് സെലക്ടർമാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും.”- ദിനേശ് കാർത്തിക്ക് പറഞ്ഞു.
“ബുമ്രയെ പോലെ ഒരു പേസ് ബോളറുടെ ഫിറ്റ്നസ് കൃത്യമായി തന്നെ നിരീക്ഷിച്ച് മുൻപോട്ടു പോകേണ്ടതുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിൽ അവനെ സുരക്ഷിതനായി മുന്നോട്ടു കൊണ്ടുപോകണം. നിർണായകമായ മത്സരങ്ങളിൽ മാത്രമേ ഇന്ത്യ ബുമ്രയെ കളിപ്പിക്കാൻ പാടുള്ളൂ. അവൻ ഒരു കോഹിനൂർ ഡയമണ്ട് പോലെയാണ്. നമ്മൾ അവനെ സംരക്ഷിച്ചു തന്നെ മുന്നോട്ടു കൊണ്ടുപോകണം. കൂടുതൽ കാലം അവന്റെ സേവനങ്ങൾ ടീമിന് ലഭിക്കുമെന്ന് ഉറപ്പുവരുത്തണം. ഏത് ഫോർമാറ്റിൽ കളിച്ചാലും കൃത്യമായി ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ബോളറാണ് ബുമ്ര. നമുക്ക് ആവശ്യവും അതുതന്നെയാണ്.”- കാർത്തിക്ക് കൂട്ടിച്ചേർത്തു.