ഗബ്ബർ പടിയിറങ്ങുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ മറ്റൊരു യുഗം.

GVuDdG a8AA2QBA

ആഭ്യന്തര- അന്താരാഷ്ട്ര ക്രിക്കറ്റ് നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർതാരം ശിഖർ ധവാൻ. കഴിഞ്ഞ കുറച്ചധികം നാളുകളായി ഇന്ത്യയുടെ സാന്നിധ്യമാവാൻ ധവാന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ധവാന്റെ വിരമിക്കലിനെ സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു. 2022 ഡിസംബറിലാണ് ധവാൻ ഇന്ത്യക്കായി അവസാനമായി കളിച്ചത്.

അന്ന് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ആയിരുന്നു ഈ ഇടങ്കയ്യൻ ബാറ്റർ അണിനിരന്നത്. പിന്നീട് ശുഭ്മാൻ ഗിൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമായതോടെ ശിഖർ ധവാന് തന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ധവാൻ ഇപ്പോൾ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.

“എന്റെ മനസ്സിൽ എനിക്ക് ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യക്കായി കളിക്കുക. അതിന് എനിക്ക് സാധിച്ചു. ഞാൻ ഒരുപാട് ആളുകളോട് നന്ദി പറയുന്നു. ആദ്യമായി നന്ദി പറയേണ്ടത് എന്റെ കുടുംബത്തോടാണ്. ഒപ്പം എന്റെ ബാല്യകാലത്തിലെ പരിശീലകന്മാരായിരുന്ന തരക് സിംഹ, മദൻ ശർമ എന്നിവരും ഒരുപാട് നന്ദി അർഹിക്കുന്നു  അവർക്ക് കീഴിലാണ് ക്രിക്കറ്റ് എന്ത് എന്ന് ഞാൻ പഠിച്ചത്. ശേഷം എന്റെ മുഴുവൻ ടീമിനും ഞാൻ നന്ദി പറയുകയാണ്.”

”ഒരുപാട് വർഷങ്ങൾ അവർക്കൊപ്പം കളിക്കാനും ഒരു കുടുംബം കെട്ടിപ്പൊക്കാനും എനിക്ക് സാധിച്ചു. എല്ലാവരുടെയും സ്നേഹവും പിന്തുണയുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഇപ്പോൾ ഞാൻ അന്താരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് എന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്.”- ശിഖർ ധവാൻ പറഞ്ഞു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“ഇപ്പോൾ ഞാൻ എന്റെ ക്രിക്കറ്റ് യാത്ര അവസാനിപ്പിക്കുമ്പോൾ രാജ്യത്തിനായി ഇത്രയധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചതിലുള്ള സംതൃപ്തി എനിക്കുണ്ട്. ഇസിസിഐയോട് ഞാൻ ഒരുപാട് നന്ദി പറയുകയാണ്. മാത്രമല്ല ഡൽഹി ക്രിക്കറ്റ് അസോസിയേഷനും എന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിരുന്നു. ഒപ്പം എന്റെ ആരാധകർ നൽകിയ പിന്തുണയും സ്നേഹവും ഒരിക്കലും മറക്കാൻ സാധിക്കില്ല. ഞാൻ എല്ലായിപ്പോഴും എന്റെ മനസ്സിനോട് പറയുന്ന ഒരു കാര്യമുണ്ട്. ‘ഒരിക്കലും സങ്കടപ്പെടരുത്. ഇനിയെനിക്ക് രാജ്യത്തിനായി ഒരു മത്സരം പോലും കളിക്കാൻ സാധിക്കില്ല. എന്നിരുന്നാലും ഇതുവരെ ഒരുപാട് മത്സരങ്ങൾ രാജ്യത്തിനായി കളിക്കാൻ എനിക്ക് സാധിച്ചു. അതാണ് ഞാൻ നേടിയെടുത്ത വലിയൊരു ബഹുമതി'”- ധവാൻ കൂട്ടിച്ചേർക്കുന്നു.

2013ലായിരുന്നു ധവാൻ ഇന്ത്യക്കായി ആദ്യമായി കളിച്ചത്. തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ ഒരു തകർപ്പൻ സെഞ്ചുറി നേടാൻ ധവാന് സാധിച്ചിരുന്നു. മാത്രമല്ല 2013ൽ ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി നേടി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ധവാന്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു. ഇന്ത്യയ്ക്കായി 167 ഏകദിന മത്സരങ്ങൾ കളിച്ച ധവാൻ 6793 റൺസാണ് സ്വന്തമാക്കിയത്. 44.11 ആണ് ധവാന്റെ ശരാശരി. 68 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ധവാൻ 1759 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2315 റൺസാണ് ധവാന്റെ സമ്പാദ്യം.

Scroll to Top