2023 ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏഷ്യാകപ്പിൽ പരിക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് പകരക്കാരനെ ഉടൻതന്നെ ഇന്ത്യ കണ്ടെത്താൻ ശ്രമിക്കണം എന്നാണ് ഗൗതം ഗംഭീർ പറയുന്നത്. അല്ലാത്തപക്ഷം പരിക്കേറ്റ താരങ്ങളുമായി ലോകകപ്പിന് ഇറങ്ങിയാൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നഷ്ടമായേക്കും എന്ന മുന്നറിയിപ്പും ഗംഭീർ നൽകുകയുണ്ടായി. അതിനാൽ തന്നെ പെട്ടെന്ന് തന്നെ ഇന്ത്യ മറ്റു താരങ്ങളെ പരിഗണിച്ച് ടീമിൽ മാറ്റം വരുത്തണം എന്നാണ് ഗംഭീറിന്റെ പക്ഷം. സ്റ്റാർ സ്പോർട്സിൽ ഒരു ഷോയിൽ സംസാരിക്കുന്ന സമയത്താണ് ഗംഭീർ തന്റെ അഭിപ്രായം അറിയിച്ചത്.
“വളരെ സമയത്തിന് ശേഷമായിരുന്നു ശ്രേയസ് അയ്യർ ഏഷ്യാകപ്പിലൂടെ ഇന്ത്യൻ ടീമിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും പരിക്കേറ്റ സാഹചര്യത്തിൽ ഏഷ്യാകപ്പിൽ കളിക്കാനോ ഫിറ്റ്നസ് തെളിയിക്കാനോ സാധിച്ചില്ല. അതിനാൽ തന്നെ ലോകകപ്പ് പോലെയുള്ള ഒരു വലിയ ടൂർണമെന്റിൽ ഇത്തരത്തിൽ ഒരു കളിക്കാരനെ ഇന്ത്യൻ ടീം മാനേജ്മെന്റ് നിലനിർത്തും എന്നെനിക്ക് തോന്നുന്നില്ല. വരും ദിവസങ്ങളിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇതേ സംബന്ധിച്ചുള്ള കാര്യത്തിൽ വ്യക്തത നൽകുമെന്ന് ഞാൻ കരുതുന്നു. എന്തായാലും ശ്രേയസ് അയ്യര്‍ ലോകകപ്പിൽ ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ പകരക്കാരനെ ഇന്ത്യ ഉടൻ പ്രഖ്യാപിക്കണം.”- ഗംഭീർ പറയുന്നു.
“ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. അതിനാൽ തന്നെ ടൂർണമെന്റിന് ഇറങ്ങുമ്പോൾ കായിക ക്ഷമത പൂർണമായും ഇല്ലാത്ത താരങ്ങളെ ടീമിൽ ഉൾപ്പെടുത്തരുത്. താരങ്ങളുടെ ഫോം ഒരു പ്രധാന വിഷയമല്ല. മാത്രമല്ല ചെറിയ പരിക്കുള്ള താരങ്ങൾക്ക് ലോകകപ്പിൽ പകരക്കാരനെ പ്രഖ്യാപിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഏഷ്യാകപ്പിൽ തന്റെ ഫിറ്റ്നസ് പൂർണമായും തെളിയിക്കാൻ സാധിക്കാത്ത അയ്യരെപ്പോലെ ഉള്ളവർക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിക്കും എന്ന് ഞാൻ കരുതുന്നില്ല.”- ഗംഭീർ കൂട്ടിച്ചേർത്തു.
“ഇനി പരിക്ക് ഭേദമായാലും ശ്രേയസിന്റെ കാര്യത്തിൽ വലിയ രീതിയിൽ ആശങ്കകളുണ്ട്. ശ്രേയസ് ഇതുവരെ തിരിച്ചുവരവിൽ ഫോം പുലർത്തിയിട്ടില്ല. ഏഷ്യാകപ്പിലും ശ്രേയസിന് അത് സാധിച്ചില്ല. ഫോം എന്ന കാര്യം മാറ്റി നിർത്തി നോക്കിയാലും ശ്രേയസിന്റെ കാര്യം സംശയമാണ്. ഏഴോ എട്ടോ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യര്‍ തിരികെയെത്തിയത്. എന്നാൽ ടീമിൽ ഒരു മത്സരം മാത്രം കളിച്ചപ്പോഴേക്കും വീണ്ടും അയാൾക്ക് പരിക്കേറ്റു. ഇങ്ങനെയൊരു താരത്തെ ലോകകപ്പിൽ ഉൾപ്പെടുത്തിയാൽ ഒരുപാട് ആശങ്കകൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.”- ഗംഭീർ പറഞ്ഞുവെക്കുന്നു.