ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത താരമാണ് ജിതേഷ് ശർമ. ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തി ശിവം ദുബായ്ക്കൊപ്പം ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ജിതേഷ് ശർമയ്ക്ക് സാധിച്ചിരുന്നു.
മത്സരത്തിലുടനീളം തന്റേതായ ശൈലിയിൽ തന്നെയാണ് ജിതേഷ് ശർമ വെടിക്കെട്ട് അഴിച്ചുവിട്ടത്. മത്സരത്തിൽ 20 പന്തുകൾ നേരിട്ട് ജിതേഷ് 31 റൺസാണ് സ്വന്തമാക്കിയത്. ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് ജിതേഷ് കൂടാരം കയറിയത്. മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തെപ്പറ്റി ജിതേഷ് ശർമ മത്സരശേഷം സംസാരിക്കുകയുണ്ടായി.
എല്ലായിപ്പോഴും താൻ പ്രാധാന്യം നൽകുന്നത് സ്ട്രൈക്ക് റേറ്റിന് വേണ്ടിയാണ് എന്നാണ് ജിതേഷ് ശർമ പറഞ്ഞത്. ഒരിക്കലും കൂടുതൽ റൺസ് സ്വന്തമാക്കുന്നതിനായി സ്ട്രൈക്ക് റേറ്റിൽ കുറവു വരുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നും ജിതേഷ് പറയുകയുണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങൾ മാത്രമാണ് ജിതേഷ് ശർമ കാഴ്ച വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജിതേഷിന്റെ ഈ പ്രസ്താവന. “ഞാൻ എല്ലായ്പ്പോഴും സ്ട്രൈക്ക് റേറ്റിനായാണ് ശ്രമിക്കുന്നത്. ഒരു കാരണവശാലും മറ്റു കാരണങ്ങൾക്കായി സ്ട്രൈക്ക് റേറ്റിൽ ഞാൻ കോംപ്രമൈസ് ചെയ്യാറില്ല. ഇങ്ങനെ കളിച്ചാൽ പിന്നാലെ വരുന്ന ബാറ്റർമാർക്കും അത് അനായാസമാണ്.”- ജിതേഷ് പറഞ്ഞു.
തന്റെ കരിയറിലുടനീളം അഞ്ചാം നമ്പറിലോ അതിനു താഴെയോ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് ജിതേഷ് ശർമ. ഇന്ത്യൻ പ്രീമിയർ ലീഗൽ പഞ്ചാബ് കിംഗ്‌സിനായി അഞ്ചാം നമ്പറിലാണ് ജിതേഷ് ബാറ്റ് ചെയ്തിരുന്നത്. പലപ്പോഴും ജിതേഷിന് ക്രീസിലുറച്ച് ടീമിനെ കൈപിടിച്ചു കയറ്റാനുള്ള അവസരം ലഭിച്ചിരുന്നില്ല.
ക്രീസിലെത്തിയ ഉടൻ വെടിക്കെട്ട് പ്രകടനം കാഴ്ചവയ്ക്കുക എന്നത് മാത്രമായിരുന്നു ജിതേഷിന്റെ പഞ്ചാബ് ടീമിലെ ജോലി. എന്നാൽ ഈ കർത്തവ്യം ഇരു കൈകളും നീട്ടി ജിതേഷ് സ്വീകരിച്ചിട്ടുമുണ്ട്. തന്റേതായ രീതിയിൽ ആദ്യ ബോൾ മുതൽ ആക്രമിച്ചാണ് ജിതേഷ് കളിച്ചിരുന്നത്. വിവിധതരത്തിലെ പവർ ഹീറ്റിങ്ങുകളെ പറ്റി ജിതേഷ് ശർമ ഇതിന് മുൻപും സംസാരിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ജിതേഷ് ശർമയുടെ പ്രകടനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പർ ബാറ്റർമാരെ ആവശ്യമാണ്. നിലവിലെ ഇഷാൻ കിഷന്റെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ മറ്റ് വിക്കറ്റ് കീപ്പർ ബാറ്റർമാർ മുൻപിലേക്ക് വരേണ്ടത് ആവശ്യമാണ്.
സഞ്ജു സാംസൺ, ജിതേഷ് ശർമ, കെഎൽ രാഹുൽ, റിഷാഭ് പന്ത് എന്നിവരാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള മറ്റ് ഓപ്ഷനുകൾ. സഞ്ജു സാംസനെ പിന്തള്ളിയാണ് ആദ്യ ട്വന്റി20 മത്സരത്തിൽ ജിതേഷ് ശർമ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. മികച്ച പ്രകടനം നടത്തിയതിനാൽ തന്നെ ഇന്ത്യ ജിതേഷിനൊപ്പം മുൻപോട്ട് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.