രോഹിതിനെ ക്രൂശിക്കേണ്ട, അവൻ പിഴവ് അംഗീകരിച്ചതാണ്. പിന്തുണയുമായി ഷമി.

ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് എത്തിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമയുടെ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനമാണ് പരാജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഇത് രോഹിത് പത്രസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഇതിനു ശേഷവും രോഹിതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഹിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പേസർ മുഹമ്മദ് ഷാമി. രോഹിത് ഒരു സാധാരണ മനുഷ്യനായതിനാൽ തന്നെ ഇത്തരത്തിൽ തെറ്റുപറ്റാൻ സാധ്യതകൾ ഉണ്ടെന്നും, അത് മനസ്സിലാക്കണമെന്നും ഷാമി പറയുന്നു.

ഇത്തരത്തിൽ തന്റെ ഭാഗത്തു നിന്ന് വന്ന പിഴവ് രോഹിത് അംഗീകരിച്ചത് വലിയ കാര്യമായാണ് മുഹമ്മദ് ഷാമി കാണുന്നത്. ഒരു കാരണവശാലും അതൊരു വലിയ തെറ്റായി തനിക്ക് തോന്നുന്നില്ലെന്നും, രോഹിത് ഒരു മനുഷ്യനാണെന്ന് ഓർക്കണമെന്നും ഷാമി പറയുന്നു. 

“അത് രോഹിത് അംഗീകരിച്ചത് വലിയൊരു കാര്യമാണ്. നമ്മുടെ ഭാഗത്തു നിന്ന് വന്ന തെറ്റുകൾ നമ്മൾ ഇത്തരത്തിൽ അംഗീകരിക്കണം. പക്ഷേ ഇതൊരു വലിയ തെറ്റായി എനിക്ക് തോന്നുന്നില്ല. കാരണം അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്. എല്ലാവർക്കും ഇത്തരം പിഴവുകൾ വരാം. എന്നിരുന്നാലും അദ്ദേഹം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതൊരു വലിയ കാര്യമായി ഞാൻ കാണുന്നു.”- ഷാമി പറയുന്നു.

“ഒരു വർഷത്തിൽ ഒരു മോശം മത്സരം ഉണ്ടാവുമെന്ന് ചിലർ പറയാറുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇതായിരുന്നു ഈ വർഷത്തെ മോശം മത്സരമെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും പരമ്പരയിൽ ഇന്ത്യ ശക്തമായി തിരിച്ചുവരവ് നടത്തുമെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ മണ്ണിൽ കളിക്കുമ്പോൾ നമുക്ക് എല്ലായിപ്പോഴും ഒരു മുൻതൂക്കമുണ്ട്. ഇത്തരത്തിൽ ഇന്ത്യ ഈ പരമ്പരയിൽ വിജയം സ്വന്തമാക്കുമെന്ന് ഞാൻ കരുതുന്നു. വരും മത്സരങ്ങളിൽ ഇന്ത്യ കൃത്യമായി തങ്ങളുടെ തന്ത്രങ്ങൾ പ്രാവർത്തികമാക്കുകയും കഴിവുകൾ പുറത്തെടുക്കുകയും ചെയ്യും.”- മുഹമ്മദ് ഷാമി കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ രണ്ടാം ദിവസം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തിൽ പിഴവ് വന്നതായി രോഹിത് ശർമ മുൻപു തന്നെ പറഞ്ഞിരുന്നു. പിച്ചിനെ ജഡ്ജ് ചെയ്യുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് രോഹിത് സമ്മതിക്കുകയാണ് ഉണ്ടായത്. ചില സമയങ്ങളിൽ കൃത്യമായി തന്നെ തീരുമാനങ്ങൾ എടുക്കാൻ സാധിക്കാറുണ്ടെന്നും, ചില സമയങ്ങളിൽ ഇത് പരാജയപ്പെടാറുണ്ടെന്നും രോഹിത് പറയുകയുണ്ടായി. എന്നിരുന്നാലും രണ്ടാം ടെസ്റ്റ് മത്സരത്തിൽ മികച്ച പ്രകടനങ്ങളുമായി തങ്ങൾ തിരിച്ചുവരുമെന്ന് രോഹിത് ഉറപ്പു നൽകിയിട്ടുണ്ട്.

Previous articleട്വന്റി20യിലെ ഇഷ്ട ബാറ്റിംഗ് പൊസിഷൻ എത്? സഞ്ജു മറുപടി പറയുന്നു.
Next articleമുംബൈ ടീമില്‍ നിന്നും പൃഥി ഷായെ ഒഴിവാക്കി. കാരണം ഇതാണ്.