2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിനുശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. നിശ്ചയിച്ച സ്ക്വാഡിലെ പല അംഗങ്ങളും അർഹതയില്ലാത്തവരാണെന്നും, അർഹതയുള്ള പല കളിക്കാരും പുറത്താണ് നിൽക്കുന്നതെന്നുമാണ് ആരാധകരടക്കം പറയുന്നത്. ഇന്ത്യയ്ക്കായി ഒരു ഏകദിന മത്സരം പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെയും നിരന്തരം ഏകദിനങ്ങളിൽ പരാജയമായി മാറുന്ന സൂര്യകുമാർ യാദവിനെയും എന്തിനാണ് ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയതെന്നും ആരാധകർ ചോദിക്കുന്നു.
മാത്രമല്ല ഏകദിന ക്രിക്കറ്റിൽ ഏറ്റവും മികച്ച റെക്കോർഡുള്ള സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരാധകരിൽ നിന്നുയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. തങ്ങളുടെ ഇഷ്ടതാരങ്ങളെ ടീമിൽ എടുക്കാത്തതിന്റെ പേരിൽ സ്ക്വാഡിലെ മറ്റു താരങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല എന്നാണ് അശ്വിൻ പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. “ഇന്ത്യ ക്രിക്കറ്റിൽ ഒരു വലിയ രാജ്യമാണ്. അതിനാൽ തന്നെ ഒരു സ്ക്വാഡ് സെലക്ട് ചെയ്യുമ്പോൾ ചിലപ്പോൾ പല നിർണായകപ്പെട്ട താരങ്ങളെയും ഒഴിവാക്കേണ്ടി വന്നേക്കും. എന്നിരുന്നാലും നമ്മുടെ ഇഷ്ടതാരത്തെ ടീമിൽ എടുക്കാത്തതിന്റെ പേരിൽ ടീമിലുള്ള മറ്റു താരങ്ങളെ മോശമായി കാണിക്കുന്നത് അത്ര നല്ല പ്രവണതയല്ല.
തിലക് വർമ ഏഷ്യാകപ്പ് ടീമിലെത്തിയത് അയാളുടെ മികച്ച പ്രകടനം കൊണ്ടുതന്നെയാണ്. താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്ത് മുതൽ അയാൾ മികച്ച ബാറ്റിംഗ് മനോഭാവവും വ്യക്തതയും പുറത്തു കാട്ടുന്നുണ്ട്. അയർലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ തിളങ്ങിയില്ലെങ്കിലും ടീം മാനേജ്മെന്റ് തിലക് വർമയിൽ വിശ്വാസമർപ്പിക്കുന്നു. ഇന്ത്യയുടെ മധ്യനിരയിലെ ബാക്കപ്പ് കളിക്കാരനായാവും തിലക് വർമ ഏഷ്യാകപ്പിൽ കളിക്കുക.”- അശ്വിൻ പറയുന്നു.
“സൂര്യകുമാർ യാദവിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. ട്വന്റി20 ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് സൂര്യ പുറത്തെടുത്തിരിക്കുന്നത്. എന്നാൽ ഏകദിനങ്ങളിൽ ഇത് ആവർത്തിക്കാൻ സൂര്യയ്ക്ക് സാധിച്ചില്ല. എന്നിരുന്നാലും ട്വന്റി20യിൽ ഇത്ര മികച്ച പ്രകടനം നടത്തുന്ന ഒരു കളിക്കാരനെ ഏകദിന ഫോർമാറ്റിൽ പിന്തുണയ്ക്കുന്നതിൽ തെറ്റില്ല. ഇതുവരെ ലോകകപ്പ് നേടിയ ക്യാപ്റ്റൻമാരൊക്കെയും തങ്ങളുടെ കളിക്കാരിൽ അങ്ങേയറ്റം വിശ്വാസം അർപ്പിച്ചവരാണ്. ധോണിയായാലും മറ്റേത് ക്യാപ്റ്റനായാലും അത് വ്യക്തമാണ്. കുട്ടിക്രിക്കറ്റിലെ ഓരോ മത്സരത്തിലും കൃത്യമായി സ്വാധീനം ചെലുത്താൻ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. അതിനാൽ ഏകദിന ടീമിലും മാനേജ്മെന്റ് അയാൾക്ക് പിന്തുണ നൽകുന്നു.”- അശ്വിൻ കൂട്ടിച്ചേർത്തു.
“തങ്ങളുടെ ഇഷ്ടപ്പെട്ട താരത്തിനെ ടീമിലെടുക്കാത്തതിന്റെ പേരിൽ പരസ്പരം വിമർശനം ഉന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതൊക്കെ ഐപിഎല്ലിന്റെ ഒരു ഭാഗം മാത്രമാണ്. അത്തരം പ്രവണതകൾ ഐപിഎൽ കഴിയുന്നതോടുകൂടി മാറ്റിവയ്ക്കേണ്ടതുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിരിക്കുന്നവർ എല്ലാവരും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കളിക്കാരാണ്. ഉദാഹരണത്തിന് വിരാട് കോഹ്ലി സൂര്യകുമാർ യാദവിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ മുംബൈയുടെ താരമായതിനാൽ സൂര്യയെ പിന്തുണയ്ക്കാതിരിക്കുകയോ, സൂര്യ ഇന്ത്യയെ ജയിപ്പിക്കണമെന്ന് ആഗ്രഹിക്കാതിരിക്കുകയോ ചെയ്യില്ലല്ലോ”- അശ്വിൻ പറഞ്ഞുവയ്ക്കുന്നു.