“ഇന്ത്യ ലോകകപ്പ് നേടണമെങ്കിൽ അവൻ ടീമിൽ മടങ്ങിയെത്തണം” വസ്തുത തുറന്ന് പറഞ്ഞ് മുൻ സെലക്ടർ.

വരാനിരിക്കുന്ന ഏഷ്യാകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ ദുർബലതയായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് സ്പിൻ വിഭാഗമാണ്. ഏഷ്യാകപ്പിൽ ഇന്ത്യയുടെ മുൻനിര സ്പിന്നറായുള്ളത് കുൽദീപ് യാദവാണ്. രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിൽ അണിനിരക്കുന്നുണ്ടെങ്കിലും ഇരുവരും ഒരേ രീതിയിൽ പന്തറിയുന്ന ബോളർമാരാണ്. ഈ സാഹചര്യത്തിൽ വരുന്ന ഏഷ്യാകപ്പിലും, പിന്നീട് ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പറയുന്നത്. അശ്വിന്റെ നിലവിലെ ഫോമും മാനസികാവസ്ഥയുമൊക്കെ ഇന്ത്യക്ക് മുതൽക്കൂട്ടായി മാറും എന്ന് പ്രസാദ് പറയുന്നു.

ടീമിൽ കളിക്കുകയാണെങ്കിൽ ഇന്ത്യയുടെ നട്ടെല്ലായി മാറാൻ അശ്വിന് സാധിക്കുമെന്നാണ് പ്രസാദ് വിലയിരുത്തുന്നത്. “ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ കളിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നമ്മൾ കളിക്കുന്നത് ഏഷ്യൻ സാഹചര്യങ്ങളിൽ തന്നെയാണ്. മാത്രമല്ല എതിർടീമുകൾക്കൊക്കെയും ഒരുപാട് ഇടംകയ്യൻ ബാറ്റർമാരുമുണ്ട്. അവർക്കെല്ലാമെതിരെ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ബോളറാണ് അശ്വിൻ.” – പ്രസാദ് പറയുന്നു.

“നിലവിലെ ഓസ്ട്രേലിയൻ ടീമിൽ ഒരുപാട് ഇടംകയ്യൻ ബാറ്റർമാരുണ്ട്. മുൻപും നമ്മൾ അത് കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അശ്വിൻ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടായി മാറും. ഇപ്പോൾ മികച്ച ഒരു മാനസികാവസ്ഥയിലാണ് രവിചന്ദ്രൻ അശ്വിനുള്ളത്. ശ്രീലങ്കയിലായാലും ഇന്ത്യയിലായാലും മറ്റു ബാറ്റർമാർക്കെതിരെ വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ അശ്വിന് സാധിക്കും.”- പ്രസാദ് കൂട്ടിച്ചേർക്കുന്നു. പല സമയത്തും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തി ടീമിനെ വിജയിപ്പിച്ച താരം തന്നെയാണ് രവിചന്ദ്രൻ അശ്വിൻ. എന്നാൽ കുറച്ചധികം നാളുകളായി ഇന്ത്യയുടെ നിശ്ചിത ഓവർ ഫോർമാറ്റിൽ അശ്വിൻ കളിക്കുന്നില്ല.

മുൻപ് 2021ലെ ട്വന്റി20 ലോകകപ്പിലും അശ്വിൻ ഒഴിവാക്കപ്പെടും എന്നാണ് കരുതിയിരുന്നത്. എന്നാൽ 2021ൽ അശ്വിനെ തേടി ഒരു സർപ്രൈസ് വിളി എത്തുകയുണ്ടായി. അതേപോലെതന്നെ 2023 ഏകദിന ലോകകപ്പിലും ഇന്ത്യ അശ്വിന്റെ ആശ്രയം തേടുമെന്നാണ് കരുതുന്നത്. ഇന്ത്യൻ പിച്ചുകളിൽ, സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ രവിചന്ദ്രൻ അശ്വിൻ അപകടകാരി തന്നെയാണ്. പലപ്പോഴും ഇന്ത്യയിലെത്തുന്ന ടീമുകൾക്ക് പേടിസ്വപ്നമായി മാറാറുള്ളതും ഈ സ്പിന്നറാണ്. അതിനാൽ ഇന്ത്യ അശ്വിനെ തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.