എന്റെ ആഗ്രഹം വീണ്ടും കളിക്കുക :സൂപ്പർ താരം തിരികെ വരുമോ

ടി :20 ലോകകപ്പിനായുള്ള ദിനങ്ങൾ വളരെ അടുത്തുകൊണ്ടിരിക്കെ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെയധികം ആവേശത്തിലും ഒപ്പം അതിലേറെ ചർച്ചകളിലുമാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ആരൊക്കെ സ്ഥാനം നേടുമെന്നതാണ് പലരുടെയും ചർച്ചാവിഷയം. എന്നാൽ ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഇനിയും ടി :20 ലോകകപ്പ് ടീമിലിടം നെടുവാനാകുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇനി വരുന്ന ഐസിസി ലോകകപ്പ് ടൂർണമെന്റുകൾ മൂന്നെണ്ണമാണ്. 2021 ടി :20 ലോകകപ്പ് കൂടാതെ ഓസ്ട്രേലിയയിൽ നടക്കുന്ന 2022 ടി :20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ക്രിക്കറ്റ്‌ ആരാധകർ ഏറെ ആവേശത്തോടെയാണ് കാണുന്നത്.

എന്നാൽ വരാനിരിക്കുന്ന രണ്ട് ടി :20 ലോകകപ്പിൽ ഒരെണ്ണം താൻ കളിക്കും എന്ന് തുറന്ന് പറയുകയാണ് ഇന്ത്യൻ ടീമിലെ മുൻ താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് പ്രമുഖ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ദിനേശ് കാർത്തിക്. “ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരികെ വരുവാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.ഒരു മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യൻ ടീമിലുണ്ട്. ഹാർദിക് പാണ്ട്യ, ജഡേജ എന്നിവർ മികച്ച ഫോമിലാണ് എങ്കിലും എന്നെ പോലെ മധ്യനിരയിൽ കളിക്കുന്ന ബാറ്റ്‌സ്മാൻ ഇന്ത്യൻ ടീമിലിപ്പോൾ ഇല്ല “കാർത്തിക് അഭിപ്രായം വിശദമാക്കി

“ഇനിയുള്ള ലോകകപ്പിൽ ഏതേലും ഒരു ടി :20 ലോകകപ്പ് കളിക്കുവാൻ എന്നെ കൊണ്ട് സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.2019ലെ ഏകദിന ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല അതാണ്‌ കരിയറിൽ വലിയ തിരിച്ചടിയായത്. എങ്കിലും ടീം ഇന്ത്യക്കായി ഒരു ലോകകപ്പ് കൂടി ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നു “കാർത്തിക് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.നിലവിൽ ക്രിക്കറ്റ്‌ കമന്റേറ്ററായും പ്രവർത്തിക്കുന്ന ദിനേശ് കാർത്തിക് ഐപിൽ പതിനാലാം സീസണിൽ 7 മത്സരങ്ങളിൽ നിന്നായി 123 റൺസ് അടിച്ചെടുത്തു