ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് ഫൈനലിലെ പരാജയത്തിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ വലിയ മാറ്റങ്ങളാണ് ദിനേശ് കാർത്തിക് നിർദ്ദേശിച്ചിരിക്കുന്നത്. വിൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ടോപ്പ് ഓർഡറിൽ പുതിയ കളിക്കാരെ ഉൾപ്പെടുത്തി ഇന്ത്യ പരീക്ഷണം നടത്തണമെന്നാണ് ദിനേശ് കാർത്തിക് പറയുന്നത്. പ്രധാനമായും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച യുവതാരങ്ങളെ ടീമിന്റെ ടോപ് ഓർഡറിൽ അണിനിരത്തണം എന്നാണ് കാർത്തിക്കിന്റെ അഭിപ്രായം.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ജെയിസ്വാളിനെയും സർഫറാസ് ഖാനെയും ഉൾപ്പെടുത്തണം എന്നാണ് കാർത്തിക്ക് പറയുന്നത്. ജെയിസ്വാൾ കഴിഞ്ഞ ആഭ്യന്തര സീസണിൽ മികവാർന്ന പ്രകടനങ്ങളായിരുന്നു പുറത്തെടുത്തത്. ശേഷം ഐപിഎല്ലില്ലും മിന്നുന്ന ഫോമിലാണ് ഈ താരം കളിച്ചത്. സർഫറാസ് കഴിഞ്ഞ കുറച്ച് സീസണുകളിലായി രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. രഞ്ജിയിലെ റൺവേട്ടക്കാരിൽ ഏറ്റവും മുൻപിൽ തന്നെയാണ് സർഫറാസ് നിൽക്കുന്നത്. ഇവർക്കൊപ്പം ബോളിംഗ് നിരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ മുകേഷ് കുമാറിനെയും വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും മറ്റുമായി പരീക്ഷിക്കണമെന്നാണ് കാർത്തിക് അഭിപ്രായപ്പെടുന്നത്.
നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ മികച്ച ബോളിങ് പ്രകടനമാണ് മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും കാഴ്ചവച്ചത്. എന്നാൽ മറ്റു ബോളർമാർ തിളങ്ങാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. പ്രത്യേകിച്ച് ഷർദുൽ താക്കൂറും ഉമേഷ് യാദവും യാതൊരു തരത്തിലും ഇന്ത്യയുടെ പ്രതീക്ഷിക്കൊത്ത് ഉയരാതെ വരികയായിരുന്നു. താക്കൂർ ബാറ്റിങ്ങിൽ മികവാർന്ന പ്രകടനം പുറത്തെടുത്തെങ്കിലും ബോളിങ്ങിൽ പരാജയപ്പെട്ടു. ഒരു ബോളിംഗ് ഓൾറൗണ്ടർ എന്ന നിലയിലായിരുന്നു താക്കൂർ ടീമിലെത്തിയത്. എന്നാൽ കൃത്യമായ സമയങ്ങളിൽ താക്കൂർ വിക്കറ്റ് കണ്ടെത്താതിരുന്നത് ഇന്ത്യയെ ബാധിച്ചു.
ഉമേഷ് യാദവിന്റെയും ടെസ്റ്റ് ഫൈനലിലെ പ്രകടനം നിരാശാജനകമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ താരങ്ങളെ അണിനിരത്തി ഇന്ത്യ അടുത്ത മത്സരത്തിൽ വീര്യം കാട്ടണം എന്ന് ദിനേശ് കാർത്തിക്ക് ആവശ്യപ്പെടുന്നത്. എന്തായാലും അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിനുള്ള തുടക്കത്തിൽ തന്നെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുന്നതിലൂടെ വലിയ അവസരം തന്നെ ഇന്ത്യയ്ക്ക് മുൻപിലേക്ക് വന്നെത്തത്.