സമീപകാലത്തെ എല്ലാ ഫോർമാറ്റുകളിലേയും ഇന്ത്യയുടെ പ്രകടനങ്ങൾ അത്ര മികച്ചതല്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചെങ്കിലും അത് അത്ര എളുപ്പത്തിൽ അല്ല നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തുടർച്ചയായ രണ്ടാം തവണയും സീറ്റ് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ കാര്യങ്ങൾ അത്ര എളുപ്പമല്ല. നിരവധി പ്രശ്നങ്ങളാണ് നിലവിൽ ഇന്ത്യൻ ടീമിൽ ഉള്ളത്. അതിൽ മുഖ്യപ്രശ്നം സൂപ്പർതാരങ്ങളുടെ ഫോം ഇല്ലായ്മയും സ്ഥിരത കുറവുമാണ്. ഇന്ത്യക്ക് വലിയ ടൂർണമെന്റുകൾ ഒന്നും വിജയിക്കാൻ സാധിക്കുന്നില്ല.
അവസാന ഏഷ്യാകപ്പിലും രണ്ട് ലോകകപ്പുകളിലും നാണം കെട്ടായിരുന്നു ഇന്ത്യയുടെ മടക്കം. പല സീനിയർ താരങ്ങളെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കേണ്ട സമയം അടുത്തിരിക്കുകയാണ്. അതിൽ മുഖ്യ ആളാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ രാഹുൽ. സമീപകാലത്ത് വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യയെ നയിച്ചത് രാഹുൽ ആയിരുന്നു. പരമ്പര ഇന്ത്യ നേടിയെങ്കിലും ടീമിന് വേണ്ടി കാര്യമായി എന്തെങ്കിലും സംഭാവന ചെയ്യാൻ രാഹുലിന് സാധിച്ചിരുന്നില്ല. രാഹുലിനെ ഒഴിവാക്കണം എന്ന ആവശ്യം ശക്തമാകുന്ന സമയത്ത് ഇപ്പോൾ അതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്.
“ഇനിയും ടെസ്റ്റ് ടീമിൽ വേണമെങ്കിൽ രാഹുലിന് അവസരം നൽകാം. എന്നാൽ രാഹുലിനോടൊപ്പം കാര്യങ്ങൾ വരും എന്ന് കരുതാനാകില്ല. അവൻ 40ൽ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ചപ്പോൾ ശരാശരി 30ൽ താഴെയാണെന്ന കാര്യം സത്യമാണ്. ഒരിക്കലും അംഗീകരിക്കാൻ ആവാത്ത ഓപ്പണറുടെ പ്രകടനമാണ് ഇത്. ഇന്ത്യയുടെ ഓപ്പണർമാരിൽ 35ൽ അധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഏറ്റവും മോശം പ്രകടനം ആണ് ഇത്. വലിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ ഉള്ളത്. അതുകൊണ്ടു തന്നെ മോശം ഫോമിൽ തുടരുന്ന രാഹുലിനെ ഒഴിവാക്കി ഓപ്പണറായി ശുബ്മാൻ ഗില്ലിനെ പരിഗണിക്കണം.
തൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി രാഹുൽ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കണം. രാഹുലിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മാറ്റി നിർത്തിയേക്കില്ല. എന്നാൽ രാഹുൽ സെഞ്ച്വറി പ്രകടനങ്ങൾ ഒന്നും നടത്താത്തതിനാൽ ടീമിൽ നിന്നും എന്തായാലും മാറ്റം വരുത്തണം. ഗില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തണം.”- ദിനേഷ് കാർത്തിക് പറഞ്ഞു. 17.12 ആണ് താരത്തിന്റെ ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ശരാശരി. ഒരു വർഷത്തിൽ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർ ആണ് രാഹുൽ. അടുത്തവർഷം ആദ്യം നടക്കുന്ന വിവാഹം അനുബന്ധിച്ച് താരം അവധി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. മോശം ഫോമിൽ തുടരുന്ന താരം അവധി എടുത്താൽ താരത്തിന്റെ ഭാവിയെ അത് ബാധിച്ചേക്കും.