ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന എലിമിനെറ്റർ പോരാട്ടത്തിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ബാംഗ്ലൂർ ടീം. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ചിട്ടും ബാംഗ്ലൂർ ടീം അടിച്ചെടുത്തത് 207 റൺസ്. ബാറ്റര്‍മാര്‍ എല്ലാം കളം നിറഞ്ഞ കളിയിൽ ദിനേശ് കാർത്തികിന്‍റെ വെടികെട്ടു ഫിനിഷിങ്ങും യുവ താരം രജിത് പഠിതാറിന്‍റെ സെഞ്ചുറിയുമാണ് നിർണായക കളിയിൽ ബാംഗ്ലൂർ സ്കോർ 200 കടത്തിയത്. ഇന്നിങ്സിലെ ഒന്നാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസിന്‍റെ വിക്കെറ്റ് നഷ്ടമായ ശേഷമാണ് ബാംഗ്ലൂർ ഈ സ്കോറിലേക്ക് കുതിച്ചതെന്നത് ശ്രദ്ധേയം.
ഡൂപ്ലസ്സിസ് പിന്നാലെ വിരാട് കോഹ്ലി (24 ബോളിൽ 25 റൺസും ) മടങ്ങിയതോടെ സമ്മർദ്ദത്തിലായ ബാംഗ്ലൂർ ടീമിനായി പിന്നീട് തന്റെ കരിയറിലെ മികച്ച ഇന്നിങ്സുമായി പഠിതാർ കയ്യടികൾ നേടി. തുടക്കം മുതൽ അടിച്ചു കളിച്ച താരം വെറും 54 ബോളിൽ 12 ഫോറും ഏഴ് സിക്സും അടക്കമാണ് 112 റൺസ് നേടിയത്.ഒരു ബാംഗ്ലൂർ താരത്തിന്റെ ഐപിൽ പ്ലേഓഫിലെ ഉയർന്ന സ്കോറിലേക്ക് എത്തിയ താരം എല്ലാവരുടെയും പ്രശംസ നേടി.
എന്നാൽ കളിയുടെ ഗതി ആകെ മാറിയത് ആറാം നമ്പറിൽ എത്തിയ ദിനേശ് കാർത്തിക് എത്തിയതോടെയാണ്. ഈ ഐപിൽ സീസണിൽ ഉടനീളം മികച്ച ബാറ്റിംഗ് ഫോമിൽ അവസാന ഓവറുകളിൽ തിളങ്ങിയിട്ടുള്ള കാർത്തിക് നേടിയത് വെറും 23 ബോളിൽ 5 ഫോറും 1 സിക്സും അടക്കം 37 റൺസ്.
ദിനേശ് കാർത്തിക് ക്രീസിലേക്ക് എത്തിയ ശേഷം ബാംഗ്ലൂർ സ്കോറിങ് വേഗത കൂടി. അവസാന അഞ്ച് ഓവറിൽ 84 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 41 പന്തില്‍ 92 റണ്‍സ് കൂട്ടിചേര്‍ത്തു. നേരത്തെ 180 പ്ലസ് സ്ട്രൈക്ക് റേറ്റിൽ ഈ സീസണിൽ ഉടനീളം റൺസ് നേടിയിട്ടുള്ള ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുന്നതാണ് ഇന്നത്തെ കളിയിലും കാണാൻ കഴിഞ്ഞത്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി 173 പന്തില്‍ 324 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്.