ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് എല്ലാം തന്നെ വലിയ ആവേശമായി മാറുകയാണ് ദിനേശ് കാർത്തിക്ക്. നീണ്ട പതിനാറ് വർഷത്തെ ക്രിക്കറ്റ് കരിയറിൽ അവസരങ്ങൾ ലഭിക്കാതെ ക്രിക്കറ്റ് കമന്ററി രംഗത്ത് അടക്കം സജീവമായ കാർത്തിക്ക് ഇന്ന് ഡെത്ത് ഓവർ ബാറ്റിംഗിലെ ഇന്ത്യൻ ടീം പ്രതീക്ഷയായി മാറുകയാണ്. ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായി കാഴ്ചവെച്ച മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ കയ്യടികൾ സ്വന്തമാക്കിയ കാർത്തിക്ക് ഇന്ത്യൻ ജേഴ്സിയിലും അതേ ബാറ്റിംഗ് മികവ് സ്ഥിരതയോടെ ആവർത്തിക്കുകയാണ്.
ഇന്നലെ നടന്ന നാലാം ടി :20 യിൽ സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യൻ ടീം വമ്പൻ ജയം നേടിയപ്പോൾ ശ്രദ്ധേയമായി മാറിയതും കാർത്തിക്ക് തന്നെ. കളിയിൽ അർദ്ധ സെഞ്ച്വറിയുമായി പ്രശംസ നേടിയ താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.
അതേസമയം കളിയിൽ അപൂർവ്വമായ ഒരു നേട്ടവും ദിനേശ് കാർത്തിക്ക് സ്വന്തം പേരിലാക്കി.അവസാന ഓവറുകളിൽ അടക്കം സൗത്താഫ്രിക്കൻ ബൗളിംഗ് നിരയെ സമ്മർദ്ദത്തിലാക്കി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച താരം വെറും 27 ബോളിൽ 9 ഫോറും മൂന്ന് സിക്സ് അടക്കമാണ് 55 റൺസിലേക്ക് എത്തിയത്. തന്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ദിനേശ് കാർത്തിക്ക് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡിനും അവകാശിയായി.
2006ൽ അന്താരാഷ്ട്ര ടി :20യിലെ ആദ്യത്തെ ഇന്ത്യൻ മാൻ ഓഫ് ദി മാച്ച് നേട്ടക്കാരനായ ദിനേശ് കാർത്തിക്ക് കന്നി ടി :20 ഇന്റർനാഷണൽ ഫിഫ്റ്റിയോടെ ധോണിയുടെ നേട്ടം മറികടന്നു. ടി :20 യിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരം എന്നുള്ള ധോണിയുടെ തന്നെ നേട്ടമാണ് ദിനേശ് കാർത്തിക്ക് സ്വന്തമാക്കിയത്.മുൻപ് 2018ൽ തന്റെ മുപ്പത്തിയാറാം വയസ്സിലാണ് ധോണി ഫിഫ്റ്റി നേടിയതെങ്കിൽ ഇന്ന് 37ആം വയസ്സിലാണ് കാർത്തിക്ക് ഫിഫ്റ്റിയിലേക്ക് എത്തുന്നത്.