ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പേസർമാരായിരുന്നു. മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ജസ്പ്രീറ്റ് ബുമ്ര എന്നിവർ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ പിഴുതെറിയുകയാണ് ഉണ്ടായത്. ഇതോടെ മത്സരത്തിൽ കേവലം 55 റൺസിന് ശ്രീലങ്ക പുറത്താവുകയും, 302 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഈ മത്സരത്തിന് ശേഷം ഇന്ത്യൻ ബോളിംഗ് നിരയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ശുഐബ് അക്തർ. മികച്ച ബോളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ ഒരു ദയയുമില്ലാത്ത ടീമായി മാറുകയാണ് എന്ന് അക്തർ പറയുന്നു.
ഇന്ത്യ തങ്ങളുടെ ബോളർമാരെ ആഘോഷിക്കാൻ തുടങ്ങേണ്ട സമയമായി എന്നും അക്തർ ഓർമിപ്പിക്കുകയുണ്ടായി. “ഇന്ത്യ ഇപ്പോൾ ഒരു ദയയുമില്ലാത്ത ടീമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ബോളിംഗ് ആക്രമണത്തിനെതിരെ ചേർത്തുനിൽക്കാനോ തോൽപ്പിക്കാനോ മറ്റൊരു ടീമിനും സാധിക്കുന്നില്ല. ഇന്ത്യ തങ്ങളുടെ പേസ് ബോളർമാരെ ആഘോഷിക്കേണ്ട സമയമായി എന്നാണ് ഞാൻ കരുതുന്നത്. കാരണം ഇന്ന് വാങ്കടെയിൽ ഇന്ത്യൻ പേസർമാർ എറിഞ്ഞ ഓരോ പന്തിലും ആവേശം അണപൊട്ടിയിരുന്നു.”- അക്തർ പറയുന്നു.
മുഹമ്മദ് ഷാമിയുടെ മത്സരത്തിലെ പ്രകടനത്തെയും അക്തർ പ്രശംസിക്കുകയുണ്ടായി. “മുഹമ്മദ് ഷാമിയുടെ പ്രകടനത്തിൽ ഞാൻ വ്യക്തിപരമായി സന്തോഷം പ്രകടിപ്പിക്കുകയാണ്. അയാൾ തന്റെ താളം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളാണ് മുഹമ്മദ് ഷാമി നേടിയിട്ടുള്ളത്. സിറാജും ഓരോ മത്സരത്തിലും അപകടകാരിയായി മാറുന്നു. ബൂമ്ര എല്ലായിപ്പോഴും എതിർ ടീമിന് ഭീഷണിയാണ്. മറ്റു രണ്ടു ബോളർമാർക്കും അവരുടേതായ സ്വാതന്ത്ര്യം നൽകുന്നതിൽ ബുമ്ര ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ബുമ്ര എല്ലായിപ്പോഴും അപകടകാരിയാണ്. അയാളുടെ കഴിവ് അവിശ്വസനീയമാണ്. ഈ ടൂർണമെന്റിന് അവസാനം വരെ ഇന്ത്യയുടെ ബോളർമാരെല്ലാം ഫിറ്റ്നസ് പുലർത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- അക്തർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിലും വിജയം നേടി ഒന്നാം സ്ഥാനക്കാരായി തന്നെ സെമിഫൈനലിൽ കളിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമല്ലാതെ മറ്റൊരു ടീമും സെമിഫൈനലിന് അടുത്തെത്തിയിട്ടില്ല എന്നതും വസ്തുതയാണ്. പോയിന്റസ് ടേബിളിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിൽ പോരാടുമ്പോൾ കൊൽക്കത്തയിൽ ആവേശം അണപൊട്ടും എന്നത് ഉറപ്പായി കഴിഞ്ഞു.