ഇന്ത്യയെ ഞങ്ങൾ മുമ്പും തോൽപ്പിച്ചിട്ടുണ്ട്, അത് തുടരാൻ ശ്രമിക്കും. ആത്മവിശ്വാസം പ്രകടിപ്പിച്ച് വാൻ ഡർ ദുസെൻ.

2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ എട്ടാം മത്സരം നടക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം ഈ ലോകകപ്പിലെ ഏറ്റവും വലിയ ആവേശ പോരാട്ടം തന്നെയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനങ്ങൾ മാത്രമാണ് കാഴ്ച വെച്ചിട്ടുള്ളത്. നിലവിൽ പോയ്ന്റ്സ് ടേബിളിന്റെ ഏറ്റവും മുകളിലുള്ള രണ്ടു ടീമുകൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ്. ഇന്ത്യ ഇതുവരെ ലീഗിൽ 7 മത്സരങ്ങൾ വിജയിച്ചപ്പോൾ 6 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക വിജയിച്ചിട്ടുള്ളത്. അതിനാൽ തന്നെ മത്സരത്തിൽ ആവേശം അണപൊട്ടും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയെ തങ്ങൾക്ക് പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ വാൻ ഡർ ദുസെൻ.

മത്സരത്തിലെ സമ്മർദ്ദം നിയന്ത്രിക്കാൻ സാധിച്ചാൽ തങ്ങൾക്ക് ഇന്ത്യയെ പരാജയപ്പെടുത്താൻ ആവുമെന്നാണ് വാൻ ഡർ പറഞ്ഞത്. “തീർച്ചയായും ഇന്ത്യയിൽ ഇന്ത്യൻ ടീമിനെതിരെ കളിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഈ ലോകകപ്പിലുടനീളം വളരെ മികച്ച രീതിയിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അവരുടെ ടീമിൽ അനുഭവസമ്പത്തുള്ള ഒരുപാട് കളിക്കാരുമുണ്ട്. മത്സരത്തിന്റെ എല്ലാ ഏരിയയും കവർ ചെയ്യാൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. അവിസ്മരണീയമായ ബോളിംഗ് അറ്റാക്കും, തകർപ്പൻ ബാറ്റിംഗ് നിരയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി.”- വാൻ ഡർ ഡസൻ പറഞ്ഞു.

“എന്നിരുന്നാലും ഞങ്ങൾക്ക് സാധിക്കുന്ന കാര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചെയ്ത് മത്സരത്തിൽ ശക്തമായ ഒരു പൊസിഷനിലെത്താൻ ഞങ്ങൾ ശ്രമിക്കും. മത്സരത്തിൽ വലിയ രീതിയിൽ സമ്മർദ്ദമുണ്ടാവും. അത് നിയന്ത്രിച്ച് അതിനൊപ്പം നിൽക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് ഞങ്ങൾ പരിശ്രമിക്കുന്നതും. മുൻപും ഞങ്ങൾ ഇന്ത്യക്കെതിരെ ഇവിടെ കളിച്ചിട്ടുണ്ട്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്താനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇത് ലോകകപ്പ് ആണെങ്കിലും വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെ ഞങ്ങൾ നോക്കിക്കാണുന്നില്ല. അത്തരം കാര്യങ്ങളിലേക്ക് ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകുന്നില്ല.”- വാൻ ഡർ ദുസെൻ കൂട്ടിച്ചേർത്തു.

ഇതുവരെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ അഞ്ചുതവണയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത് ഇതിൽ രണ്ടു വിജയങ്ങൾ ഇന്ത്യ സ്വന്തമാക്കിയപ്പോൾ മൂന്നുതവണ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തുകയുണ്ടായി മാത്രമല്ല ഇത്തവണത്തെ ഏകദിന ലോകകപ്പിൽ വളരെ ശക്തമായ നിര തന്നെയാണ് ദക്ഷിണാഫ്രിക്ക വമ്പൻ ടീമുകളെയൊക്കെയും വലിയ മാർജിനിൽ പരാജയപ്പെടുത്താൻ ഇതുവരെ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട് ആക്രമണപരമായ ബാറ്റിംഗ് സമീപനമാണ് ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ വലിയ കരുത്ത്