അന്ന് കാട്ടുതീ, ഇന്ന് ചെറുകനൽ. 2011 ലോകകപ്പ് ടീമും 2023 ലോകകപ്പ് ടീമും തമ്മിലുള്ള വ്യത്യാസങ്ങൾ.

318829

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ല് തന്നെയായിരുന്നു 2011 ഏകദിന ലോകകപ്പ്. 28 വർഷങ്ങൾക്ക് ശേഷം മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുകയുണ്ടായി. ഇതിനുശേഷം ആദ്യമായാണ് ഇന്ത്യൻ മണ്ണിലേക്ക് മറ്റൊരു ഏകദിന ലോകകപ്പ് എത്തുന്നത്. അതിനാൽ തന്നെ വലിയ പ്രതീക്ഷയിലാണ് രോഹിത് ശർമയും ടീമും. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡും, 2023 ഏകദിന ലോകകപ്പ് സ്ക്വാഡും തമ്മിലുള്ള ചില സാമ്യതകളും വ്യത്യാസങ്ങളും പരിശോധിക്കാം.

2011 ഏകദിന ലോകകപ്പിൽ അല്പം പ്രായം കുറഞ്ഞ ക്രിക്കറ്റർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം സജ്ജമായത്. 2011 ലോകകപ്പിലെ ഇന്ത്യൻ താരങ്ങളുടെ ശരാശരി പ്രായം 28 വയസ്സായിരുന്നു. എന്നാൽ 2023ലെ ഇന്ത്യൻ ടീമിൽ താരങ്ങളുടെ ശരാശരി പ്രായം 30 വയസ്സാണ്. ബാറ്റിംഗിലാണ് ഇരു ടീമുകളും തമ്മിൽ വലിയ വ്യത്യാസം കാണുന്നത്. 2011 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സച്ചിൻ ടെണ്ടുൽക്കർ ഉണ്ടായിരുന്നു. സച്ചിന്റെ അവസാന ലോകകപ്പ് എന്ന രീതിയിൽ തന്നെ പ്രചാരം കിട്ടിയ ഒന്നായിരുന്നു 2011 ലോകകപ്പ്. അതിനാൽ തന്നെ എല്ലാത്തരത്തിലും അതിനായുള്ള കൂട്ടായ പരിശ്രമം ഇന്ത്യൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായി.

സച്ചിനെ കൂടാതെ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്ന എന്നീ എക്കാലത്തെയും മികച്ച ബാറ്റർമാരുടെ ഒരു കൂട്ടായ്മ തന്നെയായിരുന്നു 2011 ലോകകപ്പിലെ ഇന്ത്യൻ ടീം. ഈ ലിസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കർ ഒഴികെയുള്ള താരങ്ങളൊക്കെയും 30 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. മാത്രമല്ല അനുഭവസമ്പത്തും യുവത്വവും കൂടിയുള്ള ഒരു മിക്സ് തന്നെയായിരുന്നു 2011 ലോകകപ്പിൽ കാണാൻ സാധിച്ചത്. എന്നാൽ 2023 ലോകകപ്പിനുള്ള ഇന്ത്യൻ ടീം നയിക്കുന്നത് തന്നെ 36കാരനായ രോഹിത് ശർമയാണ്. ഒപ്പം 34കാരനായ വിരാട് കോഹ്ലി, 31കാരനായ കെഎൽ രാഹുൽ എന്നിവർ ടീമിൽ ഉൾപ്പെടുന്നു. മാത്രമല്ല ടീമിൽ ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾക്കൊക്കെയും വേണ്ട രീതിയിൽ അനുഭവസമ്പത്തില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ശ്രേയസ് അയര്‍, സൂര്യകുമാർ യാദവ് എന്നിവർ സമ്മർദ്ദ സാഹചര്യങ്ങളിൽ ഏതുതരത്തിൽ പ്രകടനം കാഴ്ചവയ്ക്കും എന്നത് വലിയ ചോദ്യചിഹ്നം ആവുന്നുണ്ട്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

2011ലെ ഇന്ത്യൻ ടീം കൂടുതൽ ശക്തമായ ഒരു ബോളിങ് നിര തന്നെയായിരുന്നു. 30 വയസ്സ് പ്രായമുള്ള 3 പ്രധാന ബോളർമാരാണ് അന്ന് ഇന്ത്യക്ക് ഉണ്ടായിരുന്നത്. സഹീർ ഖാൻ, ഹർഭജൻ സിംഗ്, ആശിഷ് നെഹ്ര. ഇവരൊക്കെയും ഒരുപാട് കാലം ഇന്ത്യൻ ടീമിൽ കളിച്ച പരിചയസമ്പന്നരായിരുന്നു. മത്സര സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് തങ്ങളുടെ തന്ത്രങ്ങൾ മാറ്റാനും ഇവർക്ക് സാധിച്ചിരുന്നു.

ഒപ്പം രവിചന്ദ്രൻ അശ്വിൻ, പിയൂഷ് ചൗള എന്നിവരും സ്പിന്നർമാരായി ടീമിനൊപ്പം ഉൾപ്പെട്ടിരുന്നു. എന്നാൽ രോഹിത് ശർമ നയിക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിന്റെ ബോളിംഗ് ലൈൻ കുറച്ചുകൂടി ദുർബലമാണ്. ധോണിയുടെ അന്നത്തെ ടീമുമായി താരതമ്യം ചെയ്യുമ്പോൾ കേവലം ഒരു സ്പിന്നർ മാത്രമാണ് രോഹിത്തിന്റെ സ്ക്വാഡിലുള്ളത്. മറ്റൊരു സ്പിന്നർക്ക് പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ 2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിനൊപ്പം ഓൾറൗണ്ടർമാരുടെ കാര്യത്തിലും 2011 ഏകദിന ലോകകപ്പ് സ്ക്വാഡും 2023 ഏകദിന ലോകകപ്പ് സ്ക്വാഡും വലിയ വ്യത്യാസമുണ്ട്. 2011 സ്ക്വാഡിൽ ഇന്ത്യയ്ക്ക് ഒരുപാട് ബോളിംഗ് ഓപ്ഷനുകൾ ഉണ്ടായിരുന്നു. പല മുൻനിര ബാറ്റർമാരും ബോളിങ്ങിലും മികവ് പുലർത്തിയിരുന്നു. സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, വീരേന്ദർ സേവാഗ്, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവരൊക്കെയും ബോളിങ്ങിൽ തങ്ങളുടെ കഴിവ് പ്രകടമാക്കിയവരാണ്. എന്നാൽ 2023 ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് വരുമ്പോൾ ഇന്ത്യൻ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.

ഇന്ത്യയ്ക്ക് ബൂമ്ര, ഷാമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നീ ‘ബോളിംഗ് മാത്രം ചെയ്യുന്ന’ കളിക്കാരാണുള്ളത്. രോഹിത് ശർമ, വിരാട് കോഹ്ലി, ശുഭമാൻ ഗിൽ, ശ്രെയസ് അയ്യർ എന്നീ മുൻനിര ബാറ്റർമാർക്ക് ബോളിംഗ് ചെയ്യാൻ സാധിക്കുകയുമില്ല. ഇത്തരത്തിൽ സന്തുലിതാവസ്ഥയുടെ വലിയ പ്രശ്നം 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനുണ്ട്. എന്നിരുന്നാലും ഈ പോരായ്മകളൊക്കെയും മറികടന്ന് ഇന്ത്യ കിരീടം ചൂടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top