പിന്നിൽ ധോണി സാർ ഉണ്ടായിരുന്നു എന്ന ചിന്ത പ്രചോദനമായി. ഇന്നിങ്സിനെപ്പറ്റി ധ്രുവ് ജുറലിന്റെ വാക്കുകൾ.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിലെ ഫിനിഷറുടെ റോളിൽ കളിക്കുന്ന ക്രിക്കറ്ററാണ് ധ്രുവ് ജൂറൽ. ഇതുവരെയുള്ള രാജസ്ഥാന്റെ മത്സരങ്ങളിലൊക്കെയും ജൂറൽ അവസാന നിമിഷത്തെ വലിയ സാന്നിധ്യമായി തന്നെ നിലനിന്നിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിലും ജൂറലിന്റെ ഒരു തകർപ്പൻ ഫിനിഷിംഗ് കാണുകയുണ്ടായി. മത്സരത്തിൽ 15 പന്തുകളിൽ 34 റൺസ് ആയിരുന്നു ഈ യുവതാരം നേടിയത്. 3 ബൗണ്ടറികളും 2 പടുകൂറ്റൻ സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. മത്സരശേഷം ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി പോലും ജൂറലിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചിരുന്നു. എന്നാൽ മൈതാനത്തെ ധോണിയുടെ സാന്നിധ്യം, ബാറ്റ് ചെയ്യുമ്പോൾ തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ജൂറൽ സംസാരിക്കുകയുണ്ടായി.

ധോണിയോടൊപ്പം മൈതാനത്ത് സമയം ചിലവഴിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് താൻ കാണുന്നത് എന്നാണ് ജൂറൽ പറയുന്നത്. “ധോണി സാറിനൊപ്പം ഒരേ മൈതാനത്ത് നിൽക്കാൻ സാധിച്ചത് തന്നെ എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. കുട്ടിയായിരുന്ന സമയം മുതൽ ഞാൻ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽതന്നെ എനിക്ക് യാതൊരുതരം സമ്മർദ്ദവും മൈതാനത്ത് ഉണ്ടായിരുന്നില്ല. മറുവശത്ത് അദ്ദേഹത്തിനൊപ്പം മൈതാനത്ത് നിൽക്കുമ്പോൾ എനിക്ക് ഒരുപാട് പ്രചോദനമാണ് ഉണ്ടായത്. അദ്ദേഹം പിന്നീൽ നിൽക്കുന്നു, എന്നെ നോക്കുന്നു എന്നൊക്കെ കരുതുമ്പോൾ എനിക്ക് ഒരുപാട് പ്രചോദനങ്ങൾ ഉണ്ടാകുന്നു. അതുമാത്രമാണ് ഞാൻ ആഗ്രഹിക്കുന്നതും.”- ജൂറൽ പറഞ്ഞു.

ഇതോടൊപ്പം രാജസ്ഥാൻ ടീമിലെ തന്റെ ഫിനിഷറുടെ റോളിനെ പറ്റിയും ജൂറൽ സംസാരിച്ചു. “രാജസ്ഥാൻ മാനേജ്മെന്റ് എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതാണ് ഈ ഫിനിഷറുടെ റോൾ. ഞാൻ അതിലേക്കായി ഒരുപാട് പരിശീലനങ്ങളും ചെയ്തിട്ടുണ്ട്. ഇന്നിങ്സിന്റെ അവസാനം എനിക്ക് കുറച്ചു ബോളുകളെ കിട്ടുവെന്നും, അതിനാൽ ആ ബോളുകളിൽ വലിയ റൺസ് നേടണം എന്നുമുള്ള ചിന്ത ഞാൻ കരുതാറില്ല. എല്ലാ ബോളുകളും സിക്സറിനു പായ്ക്കാനുള്ള പരിശീലനത്തിലാണ് ഞാൻ ഏർപ്പെടാറുള്ളത്.”- ജുറൽ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം താൻ ദിവസേന 3-4 മണിക്കൂർ ബാറ്റിംഗ് പരിശീലനത്തിൽ ഏർപ്പെടാറുണ്ടെന്നും ജൂറൽ പറയുകയുണ്ടായി. തന്റെ വിജയമന്ത്രവും അതു തന്നെയാണെന്നും, ബാക്കിയൊക്കെയും താൻ കണക്കിലെടുക്കാറില്ല എന്നും ജൂറൽ പറഞ്ഞു. മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം തന്നെയായിരുന്നു ജൂറൽ കാഴ്ചവച്ചത്. 2023 ഐപിഎല്ലിലെ 8 മത്സരങ്ങളിൽ നിന്നായി വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ ജൂറലിന് സാധിച്ചിട്ടുണ്ട്. അതിനാൽതന്നെ ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി ജൂറൽ മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Previous articleഎന്തുകൊണ്ടാണ് ധോണി ലോവർ ഓഡറിൽ കളിക്കുന്നു ? ബ്രാവോ വെളിപ്പെടുത്തുന്നു.
Next articleലക്നൗ പവറിൽ മൂക്കുകുത്തി വീണ് പഞ്ചാബ്. റൺമഴ