ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കരിയറിൽ വലിയൊരു മാറ്റമുണ്ടാക്കിയ താരമാണ് ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. മധ്യനിരയിൽ ബാറ്റ് ചെയ്തിരുന്ന രോഹിതിനെ മുൻനിരയിലേക്ക് എത്തിച്ചത് മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനമായിരുന്നു. അതിനു ശേഷം തന്റെ കരിയറിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും രോഹിത്തിന്റെ കരിയറിന്റെ ക്രെഡിറ്റ് ഒരു കാരണവശാലും മഹേന്ദ്ര സിംഗ് ധോണി എടുക്കില്ല എന്നാണ് ഇന്ത്യൻ താരം ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ മറ്റൊരു താരത്തിന്റെ ബാറ്റിംഗ് ക്രെഡിറ്റ് തന്റേതാക്കി മാറ്റുന്ന താരമല്ല മഹേന്ദ്ര സിംഗ് ധോണി എന്ന് ശ്രീശാന്ത് പറയുന്നു.
“രോഹിത് ശർമയുടെ കരിയർ നിർമ്മിച്ചത് താനാണ് എന്ന് മഹേന്ദ്ര സിംഗ് ധോണി ഒരിക്കലും പറയില്ല. അദ്ദേഹത്തെ എനിക്ക് വളരെ നന്നായി അറിയാം. രോഹിത് ശർമ്മയ്ക്ക് അവസരങ്ങൾ നൽകിയത് മഹേന്ദ്ര സിംഗ് ധോണിയാണെന്ന് നമുക്ക് പറയാൻ സാധിക്കും. എന്തുകൊണ്ടാണ് അദ്ദേഹം രോഹിത്തിന് അവസരങ്ങൾ നൽകിയത്?
എന്തെന്നാൽ ഏത് നമ്പറിൽ രോഹിത് ശർമ്മയ്ക്ക് മികവുപുലർത്താൻ സാധിക്കും എന്ന പൂർണ ബോധ്യം മഹേന്ദ്ര സിംഗ് ധോണിക്ക് ഉണ്ടായിരുന്നു. അത് റെയ്നയുടെ കാര്യത്തിലും, വിരാടിന്റെ കാര്യത്തിലും, അശ്വിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്.”- ശ്രീശാന്ത് പറഞ്ഞു.
“മഹി ഭായ് എന്റെ കരിയറിൽ പോലും വലിയൊരു പങ്കുവഹിച്ച താരമാണ്. എല്ലാവരുടെയും ക്രിക്കറ്റ് കരിയറിൽ അദ്ദേഹത്തിന് സ്ഥാനമുണ്ട്. അതൊന്നും ആർക്കും മാറ്റാൻ സാധിക്കില്ല. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നത് എന്ന് ചിന്തിക്കണം. കാരണം തന്റെ സഹതാരങ്ങൾക്ക് ഇത്തരത്തിൽ പിന്തുണ നൽകുകയാണെങ്കിൽ അവർ അടുത്ത ലെവലിലേക്ക് എത്തിച്ചേരുമെന്ന ഉറപ്പ് ധോണിയ്ക്കുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിന് ലഭിക്കാത്ത പിന്തുണയാവും നമുക്ക് അദ്ദേഹം തരുന്നത്.”- ശ്രീശാന്ത് കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്താവേണ്ടി വന്നെങ്കിലും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് രോഹിത് ശർമ കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം 84 പന്തുകളിൽ രോഹിത് 131 റൺസാണ് സ്വന്തമാക്കിയത്. 16 ബൗണ്ടറികളും 5 സിക്സറുകളും രോഹിത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ മികവിൽ 15 ഓവറുകൾ ബാക്കി നിൽക്കെ 8 വിക്കറ്റുകൾക്ക് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. വലിയ പ്രതീക്ഷ തന്നെയാണ് രോഹിത്തിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്.