ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ നായക സ്ഥാനത്തേക്ക് ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി മടങ്ങിയെത്തുന്നു. നിലവിലെ നായകനായ ഋതുരാജ് ഗെയ്ക്വാഡിന് പരിക്കേറ്റ സാഹചര്യത്തിലാണ് മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ നായകനായി എത്തുന്നത്. ഇപ്പോൾ പരിക്കിന്റെ പിടിയിലായ ഋതുരാജിന് ഈ സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ടമാവും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എക്കാലത്തും ചെന്നൈയെ വിജയങ്ങളിൽ എത്തിച്ച നായകനെ വീണ്ടും ക്യാപ്റ്റനായി പരിഗണിച്ചത്. ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലമിങ്ങാണ് ഇതേ സംബന്ധിച്ചുള്ള വ്യക്തത വരുത്തിയത്. കൈമുട്ടിനാണ് ഋതുരാജിന് പരിക്കേറ്റത്.
രാജസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു ഋതുരാജിന് തന്റെ കൈമുട്ടിന് പരിക്കേറ്റത്. പിന്നീട് പഞ്ചാബിനെതിരായ മത്സരത്തിൽ ഋതുരാജ് കളിച്ചിരുന്നു. പക്ഷേ പൂർണ്ണ ഫിറ്റ്നസോടെ മൈതാനത്ത് തുടരാൻ ഋതുരാജിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഋതുരാജിന് വിശ്രമം നൽകാൻ ചെന്നൈ സൂപ്പർ കിംഗ്സ് നിർബന്ധിതരായിരിക്കുന്നത്. മാത്രമല്ല സമീപകാലത്തെ ഋതുരാജിന്റെ പ്രകടനവും വളരെ മോശം തന്നെയായിരുന്നു. ബാറ്റിങ്ങിലും തന്റെ ഫോമിലേക്ക് വരാൻ ഋതുരാജിന് സാധിച്ചിരുന്നില്ല.
അതേസമയം 2008 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും മികച്ച നായകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. തുടർച്ചയായ സീസണുകളിൽ ചെന്നൈയെ നയിക്കാനും വിജയത്തിൽ എത്തിക്കാനും ധോണിയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് ചെന്നൈ രവീന്ദ്ര ജഡേജയെ ചുരുക്കം ചില മത്സരങ്ങളിൽ നായകനാക്കിയത്. പക്ഷേ പിന്നീട് ധോണി തിരിച്ചുവരുകയും 2023ൽ ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു. ശേഷം കഴിഞ്ഞ സീസണിൽ ഋതുരാജിനെ ടീം നായകനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ നായകനായി മികച്ച പ്രകടനമല്ല ഋതുരാജ് കാഴ്ചവെച്ചത്.
ഈ സീസണിലും നായകനെന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ഋതുരാജിന് സാധിച്ചിരുന്നില്ല. ഇതുവരെ 5 മത്സരങ്ങളാണ് ചെന്നൈ സൂപ്പർ കിംഗ്സ് 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ ടീമിന് സാധിച്ചത്. മുംബൈയ്ക്കെതിരായ മത്സരത്തിൽ മാത്രമായിരുന്നു ചെന്നൈ വിജയം നേടിയത്. ബാക്കി 4 മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് നിൽക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായി വരുന്നതോടെ ചെന്നൈയ്ക്ക് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.