ക്രിക്കറ്റ് മൈതാനത്ത് എന്നെന്നും ശാന്തനായി കാണപ്പെടുന്ന ക്രിക്കറ്ററാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. മൈതാനത്ത് എപ്പോഴും ശാന്തനായി നിൽക്കുന്നതുകൊണ്ട് തന്നെയാണ് ധോണിയെ ലോകക്രിക്കറ്റ് ‘ക്യാപ്റ്റൻ കൂൾ’ എന്ന് വിശേഷിപ്പിക്കുന്നതും. എന്നാൽ കളിക്കളത്തിൽ പലപ്പോഴും ധോണി നിയന്ത്രണം വിട്ടു പെരുമാറാറുണ്ട് എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ പേസർ ഇഷാന്ത് ശർമ. കളത്തിൽ ധോണി പലപ്പോഴും നിയന്ത്രണം വിടാറുണ്ടെന്നും അസഭ്യവാക്കുകൾ പോലും ഉപയോഗിക്കാറുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ സഹതാരം കൂടിയായ ഇഷാന്ത് പറയുന്നത്.
“മഹേന്ദ്ര സിംഗ് ധോണി വളരെയധികം കഴിവുകളുള്ള താരമാണ് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ആ കഴിവുകളുടെയൊപ്പം ശാന്തസ്വഭാവം എന്നത് കൂട്ടിച്ചേർക്കാൻ സാധിക്കില്ല. കാരണം പലപ്പോഴും അദ്ദേഹം നിയന്ത്രണം വിട്ടു പെരുമാറുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മൈതാനത്ത് പോലും മോശം വാക്കുകൾ ഉപയോഗിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്. ഏതുസമയത്തും അദ്ദേഹത്തിന്റെ സമീപത്ത് ഏതെങ്കിലും ഒരു കളിക്കാരൻ ഉണ്ടാവാറുണ്ട്.”- ഇഷാന്ത് പറയുന്നു.
“ഒരിക്കൽ ഞാനും അദ്ദേഹം ദേഷ്യപ്പെടുന്നത് കാണുകയുണ്ടായി. ഒരിക്കൽ ഞാൻ പന്തെറിഞ്ഞു കൊണ്ടിരുന്ന സമയത്ത് അദ്ദേഹം എന്നോട് ക്ഷീണിതനായോ എന്ന് ചോദിച്ചിരുന്നു. ഞാൻ അതെ എന്ന് പറഞ്ഞു. അപ്പോൾ തനിക്ക് പ്രായമായെന്നും നിർത്തി പോകണമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ ധോണി ഭായ് എനിക്ക് നേരെ പന്തറിഞ്ഞു തരികയുണ്ടായി. എന്നാൽ അത് താഴെ പോയി. പിന്നീട് ഇത് ആവർത്തിച്ച സമയത്താണ് അദ്ദേഹം ദേഷ്യപ്പെട്ടത്.”- ഇഷാന്ത് ശർമ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി 105 ടെസ്റ്റ് മത്സരങ്ങളും 80 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളുമാണ് ഇഷാന്ത് ശർമ കളിച്ചിട്ടുള്ളത്. 34കാരനായ ഇഷാന്ത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ 311 വിക്കറ്റുകളും, ഏകദിനത്തിൽ 115 വിക്കറ്റുകളും, ട്വന്റി20 മത്സരങ്ങളിൽ എട്ടു വിക്കറ്റുകളുമാണ് ഇന്ത്യക്കായി നേടിയിട്ടുള്ളത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ അംഗമായിരുന്നു ഇഷാന്ത്. 2013ൽ ഇന്ത്യയ്ക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുത്തതിൽ വലിയ പങ്കുവഹിച്ച ക്രിക്കറ്റർ തന്നെയാണ് ഇഷാന്ത് ശർമ.