അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്. വരവറിയിച്ച് മിന്നു മണി

രാജ്യാന്തര ക്രിക്കറ്റില്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിലാണ് മിന്നു ദേശിയ ടീമിനായി അരങ്ങേറ്റം നടത്തിയത്.

മത്സരത്തിന്‍റെ അഞ്ചാം ഓവറിലാണ് മിന്നുവിനെ പന്തേല്‍പ്പിച്ചത്. രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സും ഫോറും നേടി ബംഗ്ലാദേശ് ബാറ്റര്‍ ഷമീമ സുല്‍ത്താന അത്ര നല്ല സ്വാഗതമല്ല നല്‍കിയത്. എന്നാല്‍ നാലാം പന്തില്‍ തകര്‍പ്പന്‍ ഒരു തിരിച്ചു വരവാണ് മിന്നു നടത്തിയത്. സ്ലോഗ് സ്വീപ്പിനുള്ള ശ്രമത്തിനിടെ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു.

വയനാട് സ്വദേശിനിയായ മിന്നു മണി ഓള്‍റൗണ്ടറാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ എത്തിച്ചത്.