“എന്റെ അവസാന സീസൺ എന്ന് നിങ്ങളാണ് പറഞ്ഞത്, ഞാനല്ല”!! വിരമിക്കില്ല എന്ന സൂചന നൽകി ധോണി

2023 ഇന്ത്യൻ പ്രീമിയർ ലീഗോട് കൂടി മഹേന്ദ്ര സിംഗ് ധോണി വിരമിക്കും എന്ന അഭ്യൂഹം മാറ്റി കുറിച്ചുകൊണ്ട് ധോണിയുടെ വാക്കുകൾ. ഐപിഎല്ലിൽ നിന്ന് ഈ വർഷത്തോടെ ധോണി വിരമിക്കും എന്ന വാർത്തകളായിരുന്നു മുൻപു പുറത്തുവന്നത്. അതിന് മറുപടിയായി ആണ് ധോണി ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലെ ടോസിനിടയിൽ ആയിരുന്നു ധോണി ഇതേ സംബന്ധിച്ച് ഡാനി മോറിസനുമായി സംസാരിച്ചത്. അല്പസമയത്തിനകം തന്നെ ധോണിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗം സൃഷ്ടിക്കുകയും ചെയ്തു.

തന്റെ അവസാന സീസൺ ആയതുകൊണ്ട് തന്നെ ജനങ്ങൾ തരുന്ന സ്നേഹം ആസ്വദിക്കുന്നുണ്ടോ എന്നായിരുന്നു ഡാനി ധോണിയോട് ടോസ് സമയത്ത് ചോദിച്ചത്. ഇതിന് ധോണി നൽകിയ ഉത്തരം എങ്ങനെയാണ് – “ഇത് എന്റെ അവസാന സീസണാണെന്ന് തീരുമാനിച്ചത് നിങ്ങളാണ്. ഞാനല്ല.” ധോണി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ശേഷം ഡാനി മോറിസൺ ഗ്യാലറിയിൽ ഉണ്ടായിരുന്ന ജനങ്ങളോട് ധോണി ഇനിയും ഇവിടെ കളിക്കുമെന്നും പറയുകയുണ്ടായി. ധോണിയുടെ ഈ മറുപടി സൂചിപ്പിക്കുന്നത് അടുത്ത സീസണിലും കളിക്കും എന്ന് തന്നെയാണ്. ഇത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ലക്നൗവിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരി വെക്കുന്ന തുടക്കമാണ് ചെന്നൈയുടെ സ്പിന്നർമാർ നൽകിയത്. ആദ്യ ഓവർ മുതൽ ബാറ്റിംഗിന് ദുഷ്കരമായ പിച്ചിൽ ചെന്നൈ സ്പിന്നർമാർ കൃത്യതയോടെ പന്തറിഞ്ഞു. ഓപ്പണർ വോറ(10) കൈൽ മേയേഴ്‌സ്(14) കരൺ ശർമ്മ(9) ക്രൂനാൽ പാണ്ഡ്യ(0) സ്റ്റോയിനിസ്(6) എന്നിവരെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റി ചെന്നൈ ലക്നൗവിനെ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ 44ന് 5 എന്ന നിലയിൽ ലക്നൗ തകരുകയും ചെയ്തു.

എന്നാൽ ശേഷം നിക്കോളാസ് പൂരനും ആയുഷ് ബഡോണിയും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ലക്നൗവിനു സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 59 റൺസ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർക്കുകയുണ്ടായി. നിക്കോളാസ് പൂരൻ 31 പന്തുകളിൽ നിന്ന് 20 റൺസാണ് നേടിയത്. ആയുഷ് ബടോണി തന്റെ വെടിക്കെട്ട് പ്രകടനം മത്സരത്തിൽ കാഴ്ചവച്ചു. മറ്റു ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ ബഡോണി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അങ്ങനെ ലക്നൗ സൂപ്പർ ജയന്റ്സ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചേരുകയായിരുന്നു.