എക്കാലത്തും തന്റെ വ്യത്യസ്തമായ തീരുമാനങ്ങൾ കൊണ്ട് ഞെട്ടിച്ചിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ഡിസിഷൻ റിവ്യൂ സിസ്റ്റം ക്രിക്കറ്റിലേക്ക് വന്നപ്പോഴും ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ധോണിയായിരുന്നു. മൈതാനത്ത് പലരും അറിയാത്ത വിക്കറ്റുകൾ ധോണി റിവ്യൂവിലൂടെ നേടിയെടുത്തിട്ടുണ്ട്. ഇതിനുശേഷം ഡിസിഷൻ റിവ്യൂ സിസ്റ്റം എന്നുള്ളത് മാറ്റി പലരും ‘ധോണി റിവ്യൂ സിസ്റ്റം’ എന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തിന് ഉദാഹരണമാകുന്ന ഒരു സംഭവം ചെന്നൈയുടെ മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിനിടെ ഉണ്ടായി. സൂര്യകുമാർ യാദവിനെ പുറത്താക്കാൻ ഒരു തകർപ്പൻ റിവ്യൂവാണ് ധോണി മത്സരത്തിൽ എടുത്തത്.
മത്സരത്തിൽ മുംബൈ ഇന്നിംഗ്സിന്റെ ഏഴാം ഓവറിലാണ് സംഭവം നടന്നത്. മിച്ചൽ സാന്റ്നറായിരുന്നു ഏഴാം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാം പന്ത് സൂര്യകുമാർ യാദവിന്റെ ലെഗ് സൈഡിലൂടെയാണ് വന്നത്. ഒരു വൈഡ് ആയി വന്ന പന്ത് സൂര്യകുമാർ യാദവ് മുൻപിലേക്ക് കയറി സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ചു. എന്നാൽ സൂര്യകുമാറിന്റെ ഗ്ലൗസിൽ കൊണ്ട് പന്ത് ധോണിയുടെ കൈകളിലെത്തി. പക്ഷേ സാന്റ്നറടക്കം ആരും തന്നെ വലിയ രീതിയിൽ കോലാഹലങ്ങൾ ഉണ്ടാക്കിയില്ല. പക്ഷേ ഇത് കൃത്യമായി നിരീക്ഷിച്ച ധോണി തീരുമാനം ഉടൻ തന്നെ തീരുമാനം റിവ്യൂവിന് വിടുകയായിരുന്നു.
റിവ്യൂവിൽ കൃത്യമായി ഗ്ലൗസിൽ കൊണ്ട ശേഷമാണ് ബോൾ ധോണിയുടെ കൈകളിലെത്തിയത് എന്ന് വ്യക്തമായി. അൾട്രാ എഡ്ജിൽ ഇത് വ്യക്തമായി തന്നെ കാണാൻ സാധിച്ചിരുന്നു. അങ്ങനെ അമ്പയർ തന്റെ തീരുമാനം മാറ്റി ഔട്ട് വിധിക്കുകയാണ് ഉണ്ടായത്. ശേഷം ചെന്നൈ ടീമിലെ മുഴുവൻ താരങ്ങളും ധോണിയെ പ്രശംസിക്കുന്നത് മൈതാനത്ത് കാണാൻ സാധിച്ചു. ധോണി എന്ന നായകന്റെ നിരീക്ഷണ ബോധവും തീരുമാനമെടുക്കാനുള്ള കൂർമതയും ആണ് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
മത്സരത്തിൽ മികച്ച തുടക്കം തന്നെയായിരുന്നു മുംബൈ ഇന്ത്യൻസിന് ലഭിച്ചത്. ഓപ്പൺമാരായ രോഹിത് ശർമയും ഇഷാനും വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് ആരംഭിച്ചത്. എന്നാൽ ചെന്നൈ തങ്ങളുടെ സ്പിൻ തന്ത്രങ്ങൾ പുറത്തെടുത്തപ്പോൾ മുംബൈ ഇന്ത്യൻസ് പതറുന്നതാണ് കാണുന്നത്. എന്നിരുന്നാലും ശക്തമായ ബാറ്റിംഗ് നിര തന്നെയാണ് മുംബൈ.