ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് 2011ലെ ലോകകപ്പ് ക്യാമ്പയിൻ. നായകൻ എം എസ് ധോണിയും കോച്ച് ഗാരി ക്രിസ്റ്റിനും വരച്ച വരയിൽ മത്സരങ്ങളിൽ നിന്നപ്പോൾ ഇന്ത്യക്ക് ലഭിച്ചത് രണ്ടാം 50 ഓവർ ലോകകപ്പ് ആയിരുന്നു. ഇതിൽ വലിയ പങ്ക് ഗ്യാരി ക്രിസ്റ്റിൻ വഹിക്കുകയുണ്ടായി. 2007ലെ ഏകദിന ലോകകപ്പിലെ വമ്പൻ പരാജയത്തിനുശേഷം ഒരു വലിയ ഉണർവ് തന്നെയായിരുന്നു ഗ്യാരി ക്രിസ്റ്റിൻ ഇന്ത്യൻ ടീമിൻ നൽകിയത്. ആ സാഹചര്യങ്ങളെപ്പറ്റി ക്രിസ്റ്റിൻ സംസാരിക്കുകയുണ്ടായി.
2007ലെ ലോകകപ്പ് തോൽവി ഇന്ത്യൻ ടീമിനെ എത്രമാത്രം നിരാശരാക്കിയിരുന്നു എന്നാണ് ക്രിസ്റ്റിൻ പറഞ്ഞത്. “സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള താരങ്ങൾ ലോകകപ്പിലെ പരാജയത്തിനുശേഷം വലിയ നിരാശയിൽ തന്നെയായിരുന്നു. സച്ചിൻ ആ സമയത്ത് നന്നായി ക്രിക്കറ്റ് ആസ്വദിച്ചിരുന്നില്ല. ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി പോലും സച്ചിൻ അന്ന് ചിന്തിച്ചിരുന്നു. ശേഷം സച്ചിനുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പ്രാധാന്യം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ എനിക്ക് സാധിച്ചു.”- ക്രിസ്റ്റിൻ പറയുന്നു.
“ഇന്ത്യൻ ടീമിൽ പുതിയതരം രീതികൾ ആരംഭിച്ചത് ധോണിയായിരുന്നു. ധോണി ടീമിന് കിരീടം നേടിക്കൊടുക്കാൻ എന്തുകൊണ്ടും തയ്യാറായിരുന്നു. ടീമിൽ ആർക്കും തന്നെ ധോണി സൂപ്പർതാര പദവി നൽകിയിരുന്നില്ല. ഇത്തരം ശൈലി സച്ചിനെ വളരെ സന്തോഷവാനാക്കി. അങ്ങനെ സച്ചിൻ വീണ്ടും തന്റെ പ്രതാപകാലത്തിലേക്ക് തിരികെ എത്തി. ആരും പ്രതീക്ഷിക്കാത്ത ഒരു കൂട്ടുകെട്ട് തന്നെ എനിക്കും ധോണിക്കും ഉണ്ടാക്കാൻ സാധിച്ചു.”- ക്രിസ്റ്റിൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടീമിന്റെ സുവർണ്ണകാലം തന്നെയായിരുന്നു ഗ്യാരി-ധോണി സഖ്യത്തിന്റെ സമയം. ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരുപാട് ബഹുമതികൾ കീഴടക്കിയത് ഇരുവരുടെയും കോംബോ പ്രവർത്തിച്ച സമയത്ത് തന്നെയായിരുന്നു.