നിലവിലെ ഐപിൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തോൽവി കൂടി. ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സിന് എതിരായ കളിയിൽ അവസാന ഓവർ വരെ പൊരുതി എങ്കിലും തോൽവി മാത്രമാണ് ജഡേജക്കും ടീമിനും സ്വന്തമാക്കാൻ കഴിഞ്ഞത്. ഇതോടെ എട്ട് കളികളിൽ ചെന്നൈയുടെ ആറാമത്തെ തോൽവി കൂടിയാണ് ഇത്.
പതിനഞ്ചാം സീസണിലെ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ കൂടിയാണ് ഈ തോൽവിക്ക് പിന്നാലെ അവസാനിക്കുന്നത്. സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ ഫിഫ്റ്റിയുടെ കരുത്തിൽ പഞ്ചാബ് കിങ്‌സ് 181 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ചെന്നൈയുടെ പോരാട്ടം 176ൽ അവസാനിച്ചു. വെറും 59 ബോളിൽ 9 ഫോറും 2 സിക്സും അടക്കം 88 റൺസ് അടിച്ച ശിഖർ ധവാൻ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
അതേസമയം അപൂർവ്വം ചില റെക്കോർഡുകൾ ഇന്നലത്തെ കളിയിൽ ഓപ്പണർ ശിഖർ ധവാൻ അവകാശിയായി. ഐപിൽ ക്രിക്കറ്റിൽ 200 മത്സരങ്ങൾ പിന്നിടുന്ന ഏട്ടാമത്തെ മാത്രം താരമായ ധവാൻ 6000 ഐപിൽ റൺസിലേക്ക് ഇടം നേടി. ഐപിഎല്ലിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ധവാൻ.വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമൻ.
ചെന്നൈക്ക് എതിരെ ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ശിഖർ ധവാൻ മറ്റൊരു നേട്ടത്തിന് അവകാശിയായി.ഇന്നലത്തെ ഫിഫ്റ്റിക്ക് പിന്നാലെ ചെന്നൈക്ക് എതിരെ ഏറ്റവും അധികം റൺസ് നേടുന്ന താരമായി ധവാൻ മാറി.949 റൺസ് നേടിയ വിരാട് കോഹ്ലിയുടെ നേട്ടമാണ് ധവാൻ മറികടന്നത്. മുൻപും ചെന്നൈക്ക് എതിരെ മികച്ച ചില ഇന്നിങ്സുകൾ കളിച്ചിട്ടുള്ള ധവാൻ തന്റെ നാല്പത്തിയാറാം അർദ്ധ സെഞ്ച്വറിയാണ് ഐപിഎല്ലിൽ നേടിയത്.