വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവറുകള്‍ വെട്ടി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 137 റണ്‍സില്‍ വിന്‍ഡീസ് പുറത്തായി. മത്സരത്തിലെ വിജയത്തോടെ സമ്പൂര്‍ണ വിജയമാണ് നേടിയത്.
ധവാന്‍റെ കീഴില്‍ പരമ്പര വിജയം നേടിയതോടെ ഒരു റെക്കോഡും പിറന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഏകദിന പരമ്പരയില്‍, കരീബിയന്‍ മണ്ണില്‍ അവരെ വൈറ്റ് വാഷ് ചെയ്യുന്നത്. ഗാംഗുലി, ധോണി, വിരാട് കോഹ്ലി തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്ത നേട്ടമാണ് ശിഖാര്‍ ധവാന്‍ കൈവരിച്ചത്. 1983 മുതല്‍ ഇരു ടീമും പരമ്പര ആരംഭിച്ചെങ്കിലും ഇതാദ്യമായാണ് വിന്‍ഡീസ് മണ്ണില്‍ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചത്.
ഏകദിനത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ സമ്പൂര്‍ണ്ണ പരമ്പര വിജയം നേടുന്ന മൂന്നാം സീരിസ് വിജയമാണിത്. ഇതിനുമുൻപ് വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം എസ് ധോണി എന്നിവരുടെ കീഴില്‍ സിംബാബ്വെയ്ക്കെതിരെ വൈറ്റ് വാഷ് വിജയം നേടിയപ്പോള്‍ 2017 ൽ കോഹ്ലി ക്യാപ്റ്റനായിരിക്കെയാണ് ശ്രീലങ്കയെ ഇന്ത്യ വെള്ള പൂശിയത്.
വിന്‍ഡീസിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ 12ാം പരമ്പര വിജയമാണിത്. അതോടൊപ്പം വിന്‍ഡീസിന്‍റെ തുടര്‍ച്ചയായ 9ാം ഏകദിന തോല്‍വിയാണ് ഇന്ന് പിറന്നത്.