ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, വെറ്ററൻ പേസർ ധവാൽ കുൽക്കർണി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കെത്തുന്നു. മെഗാ ലേലത്തിൽ വിറ്റഴിക്കാതെ പോയ പേസര്‍, നിലവില്‍ സ്റ്റാർ സ്പോർട്സ് കമന്ററി ടീമിന്റെ ഭാഗമാണ്. സീസണില്‍ മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സിലേക്കായാണ് താരം എത്തുക.
5 തവണ ചാംപ്യന്‍മാരായ മുംബൈക്ക് സീസണില്‍ ഇതുവരെ വിജയം നേടാനായിട്ടില്ലാ. ബാറ്റര്‍മാരെ സമര്‍ദ്ദത്തിലാക്കാന്‍ കഴിയാത്തതാണ് മുംബൈയുടെ തുടര്‍ തോല്‍വിക്കുള്ള പ്രധാന കാരണം. ഒരറ്റത്ത് ജസ്പ്രീത് ബുംറ മികച്ച പ്രകടനം നടത്തുമ്പോള്‍ മറുവശത്ത് പിന്തുണ നല്‍കാന്‍ ആരും ഇല്ലാ. ഇതിനൊരു പരിഹാരമായാണ് ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്.
ഇതുവരെ 86 മത്സരങ്ങളില്‍ നിന്നായി 92 വിക്കറ്റാണ് താരം നേടിയട്ടുള്ളത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ ധവാല്‍ കുല്‍ക്കര്‍ണി രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമിലും കളിച്ചട്ടുണ്ട്. “മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ തങ്ങളുടെ പേസ് ആക്രമണത്തെ ശക്തിപ്പെടുത്താൻ കുൽക്കർണിയെ ചേർക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. മുംബൈയിൽ നിന്നുള്ളതിനാൽ, ഐപിഎൽ നടക്കുന്ന മുംബൈയിലും പൂനെയിലും എങ്ങനെ പന്തെറിയണമെന്ന് അദ്ദേഹത്തിന് അറിയാം ” ഒരു ഒഫീഷ്യലിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഫാസ്റ്റ് ബോളറല്ലെങ്കിലും പവര്‍പ്ലേയില്‍ പന്ത് സ്വിങ്ങ് ചെയ്യാന്‍ കഴിവുള്ള താരമാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പവര്‍പ്ലേയില്‍ 7.49 ഇക്കോണമിയില്‍ 44 വിക്കറ്റ് വീഴ്ത്തിയട്ടുണ്ട്.