വാശിയേറിയ പോരാട്ടം. അവസാന ഓവറില്‍ വിജയവുമായി ഡല്‍ഹി.

dc vs kkr match report

5 മത്സരങ്ങളിലെ പരാജയത്തിനുശേഷം ഡൽഹിയുടെ ഒരു വമ്പൻ തിരിച്ചു വരവ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ എല്ലാവരും വിമർശനത്തിന് വിധേയനാക്കിയ ഡേവിഡ് വാർണർ ഒരു മികച്ച പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയം തന്നെയാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. ആദ്യ ബോൾ മുതൽ മത്സരത്തിലുടനീളം ആധിപത്യം തുടർന്നാണ് ഡൽഹി ഈ തകർപ്പൻ വിജയം സ്വന്തമാക്കിയത്. ഡൽഹിയെ എഴുതിത്തള്ളിയ പലർക്കുമുള്ള മറുപടിയാണ് മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവർ മുതൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഡൽഹി ബോളർമാർക്ക് സാധിച്ചു. കൊൽക്കത്തയ്ക്കായി ഒരുവശത്ത് ജയ്സൺ റോയ് ഉറച്ചുനിന്നെങ്കിലും മറുവശത്ത് ഓരോ വിക്കറ്റുകളായി ഡൽഹി ബോളർമാർ പിഴുതെറിഞ്ഞു. ലിറ്റൻ ദാസും(4) വെങ്കിടേഷ് അയ്യരും(0) നിതീഷ് റാണയും(4) റിങ്കു സിംഗും(6) അടക്കമുള്ള വമ്പന്മാർ ഞൊടിയിടയിൽ കൂടാരം കയറിയതോടെ കൊൽക്കത്ത തകർന്നു വീഴുകയായിരുന്നു. എന്നിരുന്നാലും കൊൽക്കത്തക്കായി ജയ്സൺ റോയ് 43 റൺസ് നേടുകയുണ്ടായി. ഒപ്പം അവസാന ഓവറുകളിൽ ആൻഡ്രെ റസൽ 31 പന്തുകളിൽ 38 റൺസ് നേടി കൊൽക്കത്തയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 127 റൺസായിരുന്നു കൊൽക്കത്ത നേടിയത്.

Read Also -  "സ്വപ്നം പോലെ തോന്നുന്നു", സംഗക്കാര തന്റെ ബാറ്റ് ഉപയോഗിച്ചതിൽ സഞ്ജുവിന്റെ ആവേശം.

മറുപടി ബാറ്റിംഗിൽ അതിസൂക്ഷമമായിയാണ് ഡൽഹി ആരംഭിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ പതിയെ പോക്കിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ഡേവിഡ് വാർണർ ഇത്തവണ ആദ്യ ബോൾ മുതൽ അടിച്ചു തുടങ്ങി. എന്നാൽ മറുവശത്ത് ചെറിയ ഇടവേളയിൽ വിക്കറ്റുകൾ വീണത് ഡൽഹിക്ക് ഭീഷണിയുണ്ടാക്കി. പക്ഷേ ഡേവിഡ് വാർണർ ഒരുവശത്ത് ഡൽഹിക്കായി കോട്ട തീർക്കുകയായിരുന്നു. മത്സരത്തിൽ 41 പന്തുകളിൽ 57 റൺസാണ് ഡേവിഡ് വാർണർ നേടിയത്. വാർണർ പുറത്തായതിനു ശേഷവും മനീഷ് പാണ്ട(21) ക്രീസിൽ ഉറച്ചു. എന്നിരുന്നാലും അവസാന ഓവറിൽവളരെ കഷ്ടപ്പെട്ടാണ് ഡൽഹി മത്സരത്തിൽ വിജയിച്ചത്. 19 റണ്ണുമായി അക്സര്‍ പട്ടേലും നിര്‍ണായക പ്രകടനം നടത്തി.

എന്തായാലും ഡൽഹിക്ക് വളരെ ആശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. ഈ സീസണിലെ ഡൽഹിയുടെ ആദ്യ വിജയമാണിത്. മറുവശത്ത് കൊൽക്കത്തയെ സംബന്ധിച്ച് ടീം നിരയിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. നിലവിൽ പോയിന്റ്സ് ടേബിളിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത നിൽക്കുന്നത്. വമ്പൻ താരങ്ങൾ തങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രമേ കൊൽക്കത്തയ്ക്ക് പോയിന്റ്സ് ടേബിളിൽ ഒരു കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കൂ.

Scroll to Top