മത്സരം തോൽപ്പിച്ചത് റിഷാബ് പന്തിന്റെ മണ്ടൻ തീരുമാനം : രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും ആവേശ പോരാട്ടത്തിൽ  റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസ് ടീമിനോട് 3 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു .രാജസ്ഥാനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ നായകന്‍ റിഷാബ് പന്തിനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്നുയരുന്നത് .ഡൽഹി ടീമിന് മത്സരത്തിൽ  രാജസ്ഥാന്റെ ടോപ് ഓഡറിനെ വേഗം  പുറത്താക്കാക്കുവാൻ  കഴിഞ്ഞെങ്കിലും 10 ഓവറിന്  ശേഷം  ക്യാപ്റ്റന്‍സിയില്‍ സംഭവിച്ച പിഴവുകള്‍ ഡല്‍ഹിക്ക് മത്സരം നഷ്ടപ്പെടുത്തി എന്നാണ് മുൻ താരങ്ങളുടെയടക്കം വാദം .

ഇപ്പോൾ മത്സരത്തിൽ ഡൽഹി ടീമിന്റെ ചില  മണ്ടൻ തീരുമാനങ്ങളെയും കൂടാതെ നായകൻ  റിഷാബ് പന്തിന്റെ ചില പാളിയ നീക്കങ്ങളെയും കുറിച്ച് നിശിത വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ .148 റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ആര്‍ അശ്വിന് മൂന്ന് ഓവര്‍ മാത്രം നൽകി  . രാജസ്ഥാന്റെ അഞ്ച് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരും പുറത്തായ സമയം. രാഹുല്‍  തെവാട്ടിയ, ഡേവിഡ് മില്ലർ  എന്നിങ്ങനെ 2  ഇടംകയ്യൻ രാജസ്ഥാൻ  ബാറ്റസ്മാൻമാർ ക്രീസിൽ .ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് അശ്വിന് പന്തേൽപ്പിക്കുക  .ഒരുവേള അശ്വിന് അവസാന ഓവർ പന്തെറിയുവാൻ ലഭിച്ചിരുന്നേൽ അദ്ദേഹം വിക്കറ്റ് പോലും എറിഞ്ഞിട്ടേനെ “നെഹ്റ തന്റെ വിമർശനം കടുപ്പിച്ചു .

മത്സരശേഷം ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്ങും റിഷാബ് പന്തിന്റെ തീരുമാനത്തോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. “മത്സരത്തിൽ വളരെ മനോഹരമായാണ് രവിചന്ദ്രൻ  അശ്വിന്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ വിക്കറ്റ് നേടാതെ 14 റണ്‍സ് മാത്രമാണ്  വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. ആദ്യ മത്സരത്തില്‍  രവിചന്ദ്രൻ അശ്വിന്‍ നിരാശപ്പെടുത്തിയിരുന്നു .എന്നാൽ കഠിന പരിശീലനം നടത്തിയ താരം മികവോടെ തിരികെ വന്നു .നാല് ഓവർ അശ്വിന് നൽകാഞ്ഞത് തെറ്റായിപ്പോയി ” പോണ്ടിങ് തന്റെ നിരാശ പങ്കുവെച്ചു .