ഇനിയെങ്കിലും ധോണി മുന്നിൽ നിന്ന് നയിക്കണം : വിമർശനം കടുപ്പിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ആദ്യ വിജയം നേടി ഇതിഹാസ നായകൻ ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് .പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ 6 വിക്കറ്റിനാണ് ധോണിയും സംഘവും വിജയം സ്വന്തമാക്കിയത് .അതേസമയം ക്യാപ്റ്റൻ ധോണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനെന്ന നിലയിൽ എം എസ് ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്നാണ് ഗൗതം ഗംഭീറിന്റെ അഭിപ്രായം .

” ഏതൊരു ടീമിലും നായകൻ എപ്പോഴും മുന്നിൽ നിന്ന് നയിക്കുന്നവനാകണം. ഏഴാം സ്ഥാനത്ത് ബാറ്റിനിറങ്ങി ടീമിനെ നയിക്കാൻ ധോണിക്ക് കഴിയില്ല എന്നാണ് എന്റെ അഭിപ്രായം . ഇക്കാര്യം പലതവണ നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്. പഴയത് പോലെ ​ഗ്രൗണ്ടിന്റെ ഏത് ഭാ​ഗത്തേക്കും പന്ത് പായിക്കാൻ കഴിയുന്ന പഴയ ധോണിയല്ല ഇപ്പോൾ അദ്ദേഹം.നമുക്ക് എല്ലാം അത് അറിയാം . അതിനാൽ   അദ്ദേഹം ബാറ്റിം​ഗ് ഓർഡറിൽ നേരത്തെ ഇറങ്ങണം. എന്റെ അഭിപ്രായത്തിൽ അദ്ദേഹം നാലാമതോ അഞ്ചാമതോ ഇറങ്ങണം. അതിൽ താഴേക്ക് പോകരുത്. ചെന്നൈയുടെ ബൗളിം​ഗ് നിരയിൽ  ഒട്ടേറെ പ്രശ്നങ്ങളുണ്ട് .ഒരു മികച്ച പേസറുടെ  അഭാവം ചെന്നൈ നിരയിൽ വ്യക്തമാണ് ” ഗംഭീർ അഭിപ്രായം വിശദമാക്കി .

നേരത്തെ   ആദ്യ മത്സരത്തിൽ ധോണി
നേരിട്ട രണ്ടാം പന്തിൽ തന്നെ ക്ലീൻ ബൗൾഡ് ആയിരുന്നു .റൺസെടുക്കാതെ മടങ്ങിയ  ധോണിക്ക് സോഷ്യൽ മീഡിയയിൽ വളരെയേറെ  വിമർശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു .കഴിഞ്ഞ സീസണിലും ധോണിക്ക് കാര്യമായി തിളങ്ങാനായിരുന്നില്ല. കൂടാതെ ഐപിഎൽ ചരിത്രത്തിലാദ്യമായി ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.ഐപിഎല്ലിൽ  നിന്ന് താരം ഇത്തവണത്തെ സീസണോടെ വിരമിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .