ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ച് വിരാട് കോഹ്ലി. മത്സരത്തിൽ രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ്ലി ഇന്ത്യക്കായി പക്വതയാർന്ന ഒരു പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിൽ 88 റൺസ് ആണ് വിരാട് കോഹ്ലി നേടിയത്. ശുഭമാൻ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടായിരുന്നു ഇന്ത്യക്കായി കോഹ്ലി കെട്ടിപ്പടുത്തത്. ഒരു സമയത്ത് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പം എത്തുമെന്ന് പോലും കരുതിയിരുന്നു. എന്നാൽ മത്സരത്തിൽ അത് സ്വന്തമാക്കാൻ കോഹ്ലിക്ക് സാധിച്ചില്ല. മത്സരത്തിൽ മധുശങ്കയുടെ പന്തിനായിരുന്നു കോഹ്ലി കൂടാരം കയറിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചിരുന്നത്. മത്സരത്തിന്റെ ആദ്യ പന്തിൽ നായകൻ രോഹിത് ശർമ ഒരു തകർപ്പൻ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ പുറത്താവുകയാണ് ഉണ്ടായത്. ഇതോടെ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികൾ ശാന്തരാവുകയായിരുന്നു. എന്നാൽ പിന്നീട് കാണാൻ സാധിച്ചത് ശുഭമാൻ ഗില്ലും വിരാട് കോഹ്ലിമൊത്ത് ഒരു വെടിക്കെട്ട് കൂട്ടുകെട്ട് തന്നെയാണ്. ഒരു 50 ഓവർ മത്സരത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇരുവരും വളരെ സൂക്ഷ്മതയോടെയാണ് ശ്രീലങ്കൻ ബോളർമാരെ നേരിട്ടത്. കഴിഞ്ഞ മത്സരത്തിൽ പറ്റിയ പിഴവുകൾ ഒഴിവാക്കി വിരാട് കോഹ്ലി അതിമനോഹരമായി ബാറ്റ് ചെയ്തു.
മത്സരത്തിൽ 50 പന്തുകളിൽ നിന്നായിരുന്നു വിരാട് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. കൂടുതലായും സിംഗിളുകൾ നേടിയായിരുന്നു വിരാട് കോഹ്ലി ഇന്നിങ്സ് പടുത്തുയർത്തിയത്. ക്രീസിൽ എത്തിയതിന് ശേഷമുള്ള മുഴുവൻ സമയവും മത്സരം പൂർണമായും സ്വന്തം നിയന്ത്രണത്തിലാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. ഇതോടെ കോഹ്ലിയുടെ ഇന്നിംഗ്സ് അതിഗംഭീരമായി വളരുകയായിരുന്നു. ഒപ്പം ശുഭമാൻ ഗില്ലും മികവ് പുലർത്തിയതോടെ ഇന്ത്യയുടെ സ്കോറും വർധിക്കാൻ തുടങ്ങി. ഇന്നിങ്സിന്റെ നിർണായക സമയങ്ങളിൽ സിംഗിൾ നേടി സ്ട്രൈക് റൊട്ടേറ്റ് ചെയ്താണ് ഇരു ബാറ്റർമാരും മത്സരം മുൻപിലേക്ക് കൊണ്ടുപോയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 189 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.
മത്സരത്തിൽ 94 പന്തുകൾ നേരിട്ട കോഹ്ലി 88 റൺസാണ് സ്വന്തമാക്കിയത്. 11 ബൗണ്ടറികൾ കോഹ്ലിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മധുശങ്കയുടെ പന്തിൽ നിസംഗയ്ക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി മത്സരത്തിൽ പുറത്തായത്. വളരെ മികച്ച ഇന്നിങ്സ് തന്നെയാണ് കോഹ്ലി മത്സരത്തിൽ കാഴ്ചവച്ചത്. ഇന്ത്യയ്ക്ക് മത്സരത്തിൽ ഒരു കൂറ്റൻ സ്കോർ കെട്ടിപ്പടുക്കാനായി ഒരു അടിപൊളി പ്ലാറ്റ്ഫോമാണ് കോഹ്ലിയും ഗില്ലും ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. മത്സരത്തിൽ 350ന് മുകളിൽ റൺസ് കണ്ടെത്തി ശ്രീലങ്കയെ പൂർണമായും സമ്മർദ്ദത്തിലാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.