രോഹിത് ഇന്ത്യയുടെ ബെസ്റ്റ് നായകൻ. ലോകകപ്പിൽ ഇന്ത്യയെ തോൽപിക്കാൻ എതിർടീമുകൾ വിയർക്കും. പോണ്ടിംഗ് പറയുന്നു.

369036

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ നായകനാവാൻ ഏറ്റവും യോജിച്ച താരം തന്നെയാണ് രോഹിത് ശർമ എന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ്. ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്താണ് രോഹിത്തിന്റെ മേന്മകൾ പോണ്ടിംഗ് ചൂണ്ടിക്കാട്ടിരിക്കുന്നത്. കോഹ്ലിയെ പോലെയുള്ള താരങ്ങൾക്ക് സമ്മർദ്ദങ്ങൾ നിയന്ത്രിക്കാൻ അല്പം പ്രയാസമാണെന്നും, എന്നാൽ രോഹിത് ഇക്കാര്യത്തിൽ വളരെ വ്യത്യസ്തനാണെന്നും പോണ്ടിംഗ് പറയുന്നു. ഏകദിന ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ തകർപ്പൻ വിജയങ്ങൾ സ്വന്തമാക്കിയ ശേഷമായിരുന്നു പോണ്ടിങ്ങിന്റെ വാദം.

രോഹിത് ശർമയെപ്പോലെ ഒരു മിതഭാഷിയായ നായകനെയാണ് ടീമുകൾക്ക് ആവശ്യമെന്ന് പോണ്ടിംഗ് പറയുന്നു. “രോഹിത് വളരെ ശാന്തനായ ഒരു താരമാണ്. എല്ലാ കാര്യങ്ങളും ശാന്തമായി ആലോചിച്ചാണ് രോഹിത് ചെയ്യാറുള്ളത്. അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങുന്ന സമയത്തും നമുക്ക് ഈ ശാന്തത കാണാൻ സാധിക്കുന്നുണ്ട്. ഒരു വ്യത്യസ്തനായ ബാറ്റർ കൂടിയാണ് രോഹിത് ശർമ. മൈതാനത്തും മൈതാനത്തിന് പുറത്തും രോഹിത്തിന്റെ ഈ വ്യത്യസ്ത നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ലോകകപ്പിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്മേൽ ഒരുപാട് സമ്മർദ്ദങ്ങൾ എത്തിയേക്കാം. ചിലപ്പോൾ അങ്ങനെ സംഭവിച്ചില്ലെന്നും വരാം. അതൊക്കെയും ടൂർണമെന്റിന്റെ ഒരു ഭാഗമാണ്. എന്നാൽ നായകൻ എന്ന നിലയ്ക്ക് ഇതൊക്കെയും നന്നായി കൈകാര്യം ചെയ്യാൻ രോഹിത്തിന് സാധിക്കും.”- പോണ്ടിംഗ് പറയുന്നു.

“എന്നാൽ വിരാട് കോഹ്ലി രോഹിത്തിനെ പോലെ ഒരു നായകനല്ല. ഒരുപക്ഷേ ആരാധകരിൽ നിന്ന് കേൾക്കുകയും, ആരാധകരുടെ ഒപ്പം നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്വഭാവ വിശേഷങ്ങൾ വിരാടിനുണ്ട്. അത്തരത്തിൽ ആവേശഭരിതനായ ഒരാൾക്ക് സമ്മർദ്ദ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് അല്പം പ്രയാസമേറിയതാവും. എന്നാൽ ഇത്തരം കാര്യങ്ങളിലൊക്കെയും രോഹിത് ശർമ വളരെ നല്ല നായകനാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇതുവരെ അവിസ്മരണീയമായ രീതിയിലാണ് ഇന്ത്യയെ രോഹിത് നയിച്ചിട്ടുള്ളത്. മാത്രമല്ല കുറച്ചധികം നാളുകളായി ഒരു വലിയ കളിക്കാരൻ എന്ന നിലയിലാണ് രോഹിത് കളിക്കുന്നത്. ഇന്ത്യയുടെ നായകൻ എന്ന നിലയിൽ മികവുപുലർത്താൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഈ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ ശക്തിയെപ്പറ്റിയും പോണ്ടിംഗ് സംസാരിച്ചിരുന്നു. “ഈ ലോകകപ്പിൽ പരാജയപ്പെടുത്താൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീം ഇന്ത്യ തന്നെയാണ് എന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞിരുന്നു. ഒരുപാട് മികച്ച പ്രതിഭകളുള്ള ടീമാണ് ഇന്ത്യ. ഫാസ്റ്റ് ബോളിംഗ്, സ്പിൻ ബോളിംഗ്, ടോപ്പ് ഓർഡർ, മിഡിൽ ഓർഡർ എന്നിവയെല്ലാം അവർ കവർ ചെയ്തു കഴിഞ്ഞു. ഈ ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ മറ്റു ടീമുകൾ നന്നെ ബുദ്ധിമുട്ടും. എന്നിരുന്നാലും അമിതമായ സമ്മർദങ്ങൾ എത്തുന്ന സാഹചര്യത്തിൽ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു കാണാം.”- പോണ്ടിംഗ് പറഞ്ഞു വയ്ക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *