വിന്‍ഡീസിനെതിരെയുള്ള ലോകകപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ആവേശ വിജയവുമായി നെതര്‍ലണ്ട്. വിന്‍ഡീസ് ഉയര്‍ത്തിയ 375 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലണ്ട് നിശ്ചിത 50 ഓവറില്‍ 374 റണ്‍സില്‍ എത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ടിനായി വാന്‍ ബീക്ക് 6 പന്തില്‍ 30 റണ്‍സ് നേടി. ഹോള്‍ഡര്‍ ആയിരുന്നു ഓവര്‍ എറിഞ്ഞത്. 3 ഫോറും 3 സിക്സുമാണ് വാന്‍ ബീക്ക് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 8 റണ്‍ എടുക്കുന്നതിനിടെ 2 വിക്കറ്റ് പോയി. സൂപ്പര്‍ ഓവറില്‍ നെതര്‍ലണ്ടിനായി പന്തെറിഞ്ഞതും വാന്‍ ബീക്കായിരുന്നു
അവസാന 3 ഓവറില്‍ 42 റണ്‍സ് വേണമെന്ന നിലയില്‍ നിന്നായിരുന്നു നെതര്‍ലണ്ട് വിജയിക്കുമെന്ന നിലയില്‍ എത്തിയത്. ഹോള്‍ഡര്‍ എറിഞ്ഞ 48ാം ഓവറില്‍ 12 റണ്‍സ് നേടിയ നെതര്‍ലണ്ട് നിര്‍ണായകമായ 49ാം ഓവറില്‍ 21 റണ്‍സാണ് ആര്യന്‍ ദത്തും (9 പന്തില്‍ 16) വാന്‍ ബീക്കും ചേര്‍ന്ന് അടിച്ചെടുത്തത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 9 റണ്‍സായി കുറഞ്ഞു. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ നെതര്‍ലണ്ടിനു വേണ്ടിയിരുന്നത് 1 റണ്ണായിരുന്നു. എന്നാല്‍ ബൗണ്ടറിയടിക്കാനുള്ള വാന്‍ ബീക്കീന്‍റെ (14 പന്തില്‍ 28) ശ്രമം കൈപിടിയില്‍ ഒതുങ്ങി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.
വിജയലക്ഷ്യവുമായി ഇറങ്ങിയ നെതര്‍ലണ്ടിനായി തേജ (76 പന്തില്‍ 111) സെഞ്ചുറി നേടി. എഡ്വേഡ്സാണ് (47 പന്തില്‍ 67) അര്‍ധസെഞ്ചുറി നേടിയ മറ്റൊരു താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് നേടിയത്. 65 പന്തില്‍ 9 ഫോറും 6 സിക്സുമായി 104 റണ്‍സ് നേടിയ നിക്കോളസ് പൂരനാണ് ടോപ്പ് സ്കോറര്‍. ബ്രാണ്ടന്‍ കിംഗ് (76) ചാള്‍സ് (54) ഷായി ഹോപ്പ് (47) കീമോ പോള്‍ (25 പന്തില്‍ 46) എന്നിവരും നിര്‍ണായക പ്രകടനം നടത്തി.