ന്യൂസിലാൻഡ് പടയോട്ടത്തിൽ മുട്ടൻ പണി കിട്ടിയത് ഇന്ത്യയ്ക്ക്. അഫ്ഗാനെ തോൽപിച്ച് കിവികൾ ഒന്നാമത്.

ന്യൂസിലാൻഡിനെതിരായ തങ്ങളുടെ ഏകദിന ലോകകപ്പ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ 149 റൺസിന്റെ കൂറ്റൻ പരാജയമാണ് അഫ്ഗാനിസ്ഥാൻ ഏറ്റുവാങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് ടീമിനെ വലിയൊരു അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു അഫ്ഗാനിസ്ഥാൻ മത്സരത്തിലേക്ക് വന്നത്. എന്നാൽ ന്യൂസിലാൻഡ് പക്വതയോടെ അഫ്ഗാനിസ്ഥാൻ ബോളർമാരെ നേരിട്ട് മത്സരം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്താൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനായി തുടക്കത്തിൽ തന്നെ ഓപ്പണർ വിൽ യങ് ക്രീസിൽ ഉറയ്ക്കുകയുണ്ടായി. മത്സരത്തിൽ 54 റൺസാണ് യങ് നേടിയത്. എന്നാൽ തുടർച്ചയായി ന്യൂസിലാൻഡിന് വിക്കറ്റ് നഷ്ടമായത് അവരെ ആശങ്കയിലാക്കി. ഈ സമയത്താണ് അഞ്ചാം വിക്കറ്റിൽ നായകൻ ടോം ലാതവും ഗ്ലെൻ ഫിലിപ്സും ചേർന്ന് ഒരു തട്ടുപൊളിപ്പൻ കൂട്ടുകെട്ട് ന്യൂസിലാൻഡിനായി സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 144 റൺസ് ആണ് കൂട്ടിച്ചേർത്തത്. മത്സരത്തിൽ ഫിലിപ്സ് 80 പന്തുകളിൽ 71 റൺസ് നേടി.

നായകൻ ടോം ലാതം 74 പന്തുകളിൽ 68 റൺസാണ് നേടിയത്. ഒപ്പം അവസാന ഓവറുകളിൽ 12 പന്തുകളിൽ 25 റൺസ് നേടിയ ചാപ്മാൻ കൂടി അടിച്ചുതകർത്തതോടെ ന്യൂസിലാൻഡ് 288 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കം മുതൽ പിഴച്ചു. ന്യൂസിലാൻഡ് പേസർമാരുടെ കൃത്യതയ്ക്ക് മുൻപിൽ അഫ്ഗാനിസ്ഥാൻ ബാറ്റർമാർ തുടക്കത്തിൽ തന്നെ അടിയറവ് പറയുകയായിരുന്നു. 62 പന്തുകളില്‍ 36 റൺസ് നേടിയ റഹ്മത്താണ് അഫ്ഗാനിസ്ഥാൻ നിരയിൽ അല്പമെങ്കിലും പിടിച്ചുനിന്നത്.

മറുവശത്ത് ന്യൂസിലാൻഡിനായി ബോളർമാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ലോക്കി ഫെർഗ്യുസൺ 7 ഓവറുകളിൽ 19 റൺസ് മാത്രം വിട്ടുനൽകിയാണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. മിച്ചൽ സാന്റ്നർ 39 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ഒപ്പം ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയതോടെ ന്യൂസിലാൻഡ് അനായാസം വിജയം നേടുകയായിരുന്നു. മത്സരത്തിൽ 149 റൺസിന്റെ കൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്.

Previous articleഒറ്റക്കയ്യിൽ ഞെട്ടിക്കുന്ന ക്യാച്ച് നേടി സാന്റ്നർ. ലോകകപ്പിലെ ബെസ്റ്റ് ക്യാച്ച്.
Next articleഇന്ത്യ അഹങ്കരിക്കേണ്ട, ആ ടീം ഇന്ത്യയെ തോല്പിക്കും. മുന്നറിയിപ്പ് നൽകി റിക്കി പോണ്ടിംഗ്.