കോഹ്ലി വർഷങ്ങളായി ഞങ്ങൾക്കായി ഇത് ചെയ്യുന്നു. കോഹ്ലിയെ പ്രശംസിച്ച് രോഹിത് ശർമ്മ.

2003 ഏകദിന ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുന്നത്. അത്യന്തം ആവേശകരമായ മത്സരത്തിൽ മുഹമ്മദ് ഷാമിയുടെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ പ്രകടനങ്ങൾ ആയിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്.

5 വിജയങ്ങൾ സ്വന്തമാക്കിയതോടുകൂടി ഇന്ത്യ പോയിന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ടീമിന് ലഭിച്ച മികച്ച തുടക്കത്തിൽ അതിയായ സന്തോഷമുണ്ടെന്നും, മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് അവസാന ഓവറുകൾ എറിഞ്ഞ ബോളർമാർക്ക് നൽകുകയാണെന്നും രോഹിത് പറഞ്ഞു.

“ഈ ടൂർണമെന്റിൽ ഞങ്ങൾക്ക് നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പകുതി ജോലി ഞങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒരുപാട് കാര്യങ്ങൾ ചിന്തിക്കാൻ ഇപ്പോൾ തയ്യാറാവുന്നില്ല. സാഹചര്യത്തിനനുസരിച്ച് നിൽക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. മത്സരത്തിൽ ലഭിച്ച അവസരം മുഹമ്മദ് ഷാമി രണ്ട് കൈയും നീട്ടി സ്വീകരിക്കുകയുണ്ടായി. ഇത്തരം സാഹചര്യങ്ങളിൽ കളിച്ച് ഒരുപാട് അനുഭവസമ്പത്തുള്ള ബോളറാണ് മുഹമ്മദ് ഷാമി. മാത്രമല്ല അദ്ദേഹം ഒരു ക്ലാസ് ബോളർ കൂടിയാണ്. ഒരു സമയത്ത് ന്യൂസിലാന്റിന്റെ സ്കോർ 300 കടക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ അവസാന ഓവറെറിഞ്ഞ ബോളർമാർ ഒരുപാട് ക്രെഡിറ്റ് അർഹിക്കുന്നു.”- രോഹിത് പറഞ്ഞു.

തന്റെ ബാറ്റിംഗിനെ പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “ഞാൻ എന്റെ ബാറ്റിംഗ് അങ്ങേയറ്റം ആസ്വദിക്കുകയാണ്. ഞാനും ഗില്ലും വ്യത്യസ്ത വ്യക്തിത്വങ്ങളാണ്. പക്ഷേ പരസ്പരം സഹകരിച്ച് മുൻപോട്ട് പോകാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. മത്സരത്തിൽ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. വിരാട് കോഹ്ലി കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ടീമിനായി ഇതേ കാര്യം തന്നെയാണ് ചെയ്യുന്നത്. കോഹ്ലിക്ക് അദ്ദേഹത്തിന്റെ റോളിൽ വ്യക്തതയുണ്ട്. ഇന്നിംഗ്സിന്റെ മധ്യത്തിൽ കുറച്ച് വിക്കറ്റുകൾ നഷ്ടമായെങ്കിലും ജഡേജയും കോഹ്ലിയും ചേർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് ഉണ്ടായത്.”- രോഹിത് കൂട്ടിച്ചേർത്തു.

“മത്സരത്തിൽ ഞങ്ങളുടെ ഫീൽഡിങ് അല്പം പിന്നിലേക്ക് പോയി. രവീന്ദ്ര ജഡേജ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. പക്ഷേ ഇത്തരം ചെറിയ തെറ്റുകൾ എല്ലായിപ്പോഴും ഉണ്ടാവാം. മുൻപോട്ടു പോകുമ്പോൾ മത്സരത്തിലെ ഫലത്തെ വലിയ രീതിയിൽ ആശ്രയിച്ചിരിക്കുന്നത് ഫീൽഡിങ് ആണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ ഫീൽഡിങ്ങിൽ പുരോഗതിയുണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കും. ഒരുപാട് യാത്ര ചെയ്യുന്നതിലും വ്യത്യസ്ത സ്ഥലങ്ങളിൽ കളിക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്.”- രോഹിത് പറഞ്ഞുവെക്കുന്നു.

Previous articleവിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷം. ഇന്ത്യ ഒന്നാമതെത്തിയതിൽ അതിലും സന്തോഷം. ഷമി പറയുന്നു.
Next article2019 ലോകകപ്പ് സെമിയിൽ കരഞ്ഞുകൊണ്ട് പോയ ജഡേജ, 2023ൽ കണക്ക് തീർത്തു. വിജയറൺ കുറിച്ച് മധുരപ്രതികാരം