രോഹിത് തന്നോടൊപ്പം തന്റെ സഹതാരങ്ങളെയും സംരക്ഷിക്കുന്നു. വിജയ ഫോർമുല പറഞ്ഞ് ഗംഭീർ.

ഇന്ത്യ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. രോഹിത് ശർമ ടീമിലെ തന്റെ സഹതാരങ്ങളെ നന്നായി സംരക്ഷിക്കാറുണ്ടെന്നും, സുരക്ഷിതരാക്കാറുണ്ടെന്നും ഗൗതം ഗംഭീർ പറയുന്നു.

ഇത് രോഹിത്തിന്റെ ക്യാപ്റ്റൻസിലെ വലിയൊരു കാര്യമായാണ് ഗംഭീർ എടുത്തു കാട്ടുന്നത്. ഇത്തരത്തിൽ തന്റെ സഹതാരങ്ങളെ ചേർത്തു നിർത്തുന്നതിനാൽ തന്നെയാണ് രോഹിത് 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കിയതെന്നും ഗംഭീർ പറയുകയുണ്ടായി. ഒരു പ്രമുഖ വാർത്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

“രോഹിത് ശർമ എല്ലായിപ്പോഴും ഡ്രസിങ് റൂം ഒരു സുരക്ഷിത സ്ഥലമാക്കി മാറ്റാറുണ്ട്. തന്റെ സഹതാരങ്ങൾക്കൊക്കെയും രോഹിത്തിന്റെ കീഴിൽ സുരക്ഷിതത്വം ഉണ്ടാവുന്നു. ഇതാണ് രോഹിത്തിനെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. 2019 ലോകകപ്പിൽ നിന്ന് 2023 ലോകകപ്പിലേക്ക് വരുമ്പോൾ വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഇന്ത്യക്ക് ഉണ്ടായിട്ടില്ല. എന്നാൽ 2019 ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യയ്ക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്ന് വളരെ കുറഞ്ഞ മാറ്റങ്ങൾ മാത്രമാണ് 2023 ലോകകപ്പ് ടീമിലുണ്ടായിട്ടുള്ളത്.”- ഗംഭീർ പറയുന്നു.

“ഒരു മികച്ച നായകനായാലും നേതാവായാലും, തന്റെ സഹതാരങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കും. ഡ്രസിങ് റൂമിൽ താരങ്ങളൊക്കെയും വളരെ പോസിറ്റീവ് ആയിരിക്കും. തനിക്ക് മാത്രമല്ല തന്റെ കൂടെയുള്ള 14 താരങ്ങൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും നായകന്റെ കടമയാണ്. രോഹിത് അക്കാര്യങ്ങളൊക്കെയും വളരെ വ്യക്തമായി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് 5 ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുമ്പോൾ തന്നെ ഇത്തരം മികച്ച വിജയശതമാനം രോഹിതിന് ഉള്ളതിന്റെ കാരണവും ഇത്തരം കാര്യങ്ങളാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

“കണക്കുകളുടെ കാര്യത്തിലും കിരീടത്തിന്റെ കാര്യത്തിലും രോഹിത് എല്ലാത്തരത്തിലും മികവ് പുലർത്തി കഴിഞ്ഞു. എന്നാൽ അതിലൊക്കെയും വളരെ പ്രധാനപ്പെട്ട കാര്യമാണ് ഡ്രസിങ് റൂമിൽ സഹതാരങ്ങളെ സുരക്ഷിതരാക്കുക എന്നുള്ളത്. രോഹിത് ശർമ  മത്സരശേഷമുള്ള പ്രസന്റേഷനിൽ സംസാരിക്കുമ്പോൾ തന്നെ, അയാൾക്ക് അയാളുടെ സഹ താരങ്ങളിലുള്ള വിശ്വാസം മനസ്സിലാവുന്നു.

അവർക്കൊക്കെയും, ദീർഘകാലം ടീമിൽ കളിക്കാൻ അവസരം ലഭിക്കും എന്ന വിശ്വാസമുണ്ടാകുന്നു. അവരുടെ ക്യാപ്റ്റൻ അവരെ പിന്തുണയ്ക്കുന്നതായി വിശ്വാസം ഉണ്ടാകുന്നു. അതാണ് രോഹിത് ശർമയും മറ്റു നായകന്മാരും തമ്മിലുള്ള താരതമ്യത്തിന് കാരണം.”- ഗംഭീർ പറഞ്ഞുവെക്കുന്നു

Previous article“കോഹ്ലി ഇനി ഇന്ത്യയുടെ ഡെത്ത് ബോളറാവും”. പുതിയ റോൾ നൽകി  ബോളിംഗ് കോച്ച്..
Next articleമത്സരം തുടങ്ങുന്നതിന് മുമ്പേ രോഹിത് എതിർ ടീമിനെ ഭയപ്പെടുത്തുന്നു. ഇന്ത്യയുടെ വിജയരഹസ്യം. ഫിഞ്ച് പറയുന്നു.