മത്സരം തുടങ്ങുന്നതിന് മുമ്പേ രോഹിത് എതിർ ടീമിനെ ഭയപ്പെടുത്തുന്നു. ഇന്ത്യയുടെ വിജയരഹസ്യം. ഫിഞ്ച് പറയുന്നു.

F98kasBXkAAnVhq

ഈ ലോകകപ്പിലൂടനീളം ഇന്ത്യൻ ടീമിന് മികച്ച തുടക്കങ്ങളാണ് നായകൻ രോഹിത് ശർമ നൽകിയിട്ടുള്ളത്. ഇന്ത്യക്കായി ഓപ്പണിങ്ങിറങ്ങി പവർപ്ലേ ഓവറുകളിൽ തന്നെ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കുന്നത് രോഹിത് ഒരു ശീലമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയെ വലിയ രീതിയിൽ സഹായിക്കുകയും ചെയ്തിരിക്കുന്നു.

ഇത്തരത്തിലുള്ള രോഹിത്തിന്റെ ആക്രമണ മനോഭാവത്തെ എടുത്തുകാട്ടി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്. ഇത്തരത്തിൽ രോഹിത് ആക്രമണം അഴിച്ചുവിടുന്നത് എതിർ ടീമിനെ ഭയപ്പെടുത്തുന്നുണ്ടെന്നും, അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നുമാണ് ഫിഞ്ച് പറയുന്നത്. രോഹിത്തിന്റെ സമീപകാലത്തെ പ്രകടനങ്ങൾ വിലയിരുത്തിയാണ് ഫിഞ്ചിന്റെ അഭിപ്രായ പ്രകടനം.

എതിർ ടീമുകളെ ഭയപ്പെടുത്തുന്ന കാര്യത്തിൽ രോഹിത് ഈ ലോകകപ്പിൽ വലിയ മികവ് പുലർത്തിയിട്ടുണ്ട് എന്നാണ് ഫിഞ്ച് പറയുന്നത്. “രോഹിത്തിന്റെ ചിന്തകൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അയാൾ തന്റെ ടീമിന് ഒരു വെടിക്കെട്ട് തുടക്കം നൽകാനാണ് എപ്പോഴും ശ്രമിക്കുന്നത്.

പലപ്പോഴും ടൂർണ്ണമെന്റ് മുൻപിലേക്ക് പോകുമ്പോൾ വിക്കറ്റുകൾ കൂടുതൽ സ്ലോ ആയി മാറാറുണ്ട്. അതിനാൽ തന്നെ പവർപ്ലേ ഓവറുകളിൽ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കേണ്ടത് വളരെ നിർണായകമാണ്. രോഹിത്തിന് അത് സാധിക്കുന്നുണ്ട്.”- സ്റ്റാർ സ്പോർട്സിൽ സംസാരിക്കവേ ഫിഞ്ച് പറഞ്ഞു.

“ഇത്തരത്തിൽ രോഹിത്തിന്റെ ആക്രമണം ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ഇത് മത്സരത്തിന് മുൻപ് തന്നെ ബോളർമാരുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ കാരണമാകുന്നു. രോഹിത് അവരെ ആക്രമിക്കുമെന്ന് തോന്നുമ്പോൾ ബോളർമാർ അവരുടെ മനോഭാവം മാറ്റുന്നു. അവർ കുറച്ച് ഭയപ്പാടിലേക്ക് നീങ്ങുന്നു. മാത്രമല്ല ഇന്നിംഗ്സിന്റെ ആദ്യഘട്ടത്തിൽ തന്നെ അവർ പ്രതിരോധാത്മകമായി ചിന്തിക്കുകയും ചെയ്യും.”

Read Also -  സെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകുമില്ല. ഇതെന്ത് സ്‌ക്വാഡ്. ചോദ്യം ചെയ്ത് ശശി തരൂർ.

അത് ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് മികച്ച രീതിയിൽ മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുന്നതും.”- ഫിഞ്ച് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരത്തിലും രോഹിത് ഇത്തരത്തിൽ മികച്ച തുടക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്ക് മത്സരത്തിലെ വിജയം അനായാസമായേക്കും.

ഇതുവരെ ഈ ലോകകപ്പിൽ 9 മത്സരങ്ങളിൽ നിന്ന് 503 റൺസാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. 55.89 എന്ന ശരാശരിയിലാണ് രോഹിത് ഈ റൺസ് അടിച്ചു കൂട്ടിയിരിക്കുന്നത്. മാത്രമല്ല 121.5 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും രോഹിതിനുണ്ട്. നിലവിൽ ഈ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് രോഹിത് നിൽക്കുന്നത്. വിരാട് കോഹ്ലി, ഡി കോക്, രചിൻ രവീന്ദ്ര എന്നിവർക്ക് ശേഷമാണ് രോഹിത് നിലവിൽ നിൽക്കുന്നത്. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ സെമിഫൈനൽ മത്സരം നടക്കുന്നത്. വാങ്കഡെയിൽ നടക്കുന്ന മത്സരത്തിലും രോഹിത്തിന് മികവ് പുലർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Scroll to Top