കംഗാരുക്കൾ തിരുമ്പി വന്നിട്ടേൻ. ശ്രീലങ്കയെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്.

ഏകദിന ലോകകപ്പിലെ 14ആം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഒരു സൂപ്പർ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. 2023 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയൻ ടീമിന്റെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ഓസ്ട്രേലിയക്കായി ആദം സാമ്പയാണ് ബോളിങ്ങിൽ തിളങ്ങിയത്.

ബാറ്റിങ്ങിൽ ജോഷ് ഇംഗ്ലീസും മിച്ചൽ മാർഷും വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവച്ചപ്പോൾ ഓസ്ട്രേലിയ വിജയം കൈവരിക്കുകയായിരുന്നു. ശ്രീലങ്കയുടെ ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം പരാജയം കൂടിയാണ് മത്സരത്തിൽ ഉണ്ടായത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്ട്രേലിയ പോയിന്‍റ് ടേബിളില്‍ അവസാന സ്ഥാനത്തായിരുന്നു. ശ്രീലങ്കകെതിരെയുള്ള വിജയത്തോടെ ഓസ്ട്രേലിയ എട്ടാം സ്ഥാനത്ത് എത്തി.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ശ്രീലങ്കയ്ക്ക് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. നിസ്സംഗയും കുശാൽ പെരേരയും ആദ്യ ഓവറുകളിൽ തന്നെ ഓസ്ട്രേലിയയെ സമ്മർദ്ദത്തിലായി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 125 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

പെരേര മത്സരത്തിൽ 82 പന്തുകളിൽ 12 ബൗണ്ടറികളടക്കം 78 റൺസ് നേടി. നിസ്സംഗ 67 പന്തുകളിൽ 61 റൺസാണ് നേടിയത്. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും മികവ് പുലർത്താൻ സാധിക്കാതെ വന്നത് ശ്രീലങ്കയെ ബാധിക്കുകയായിരുന്നു. ശ്രീലങ്കൻ ബാറ്റിംഗ് നിര ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നതാണ് പിന്നീട് കണ്ടത്.

വിക്കറ്റ് നഷ്ടമില്ലാതെ 125 എന്ന നിലയിൽ നിന്ന് 209ന് ഓൾ ഔട്ട് എന്ന നിലയിലേക്ക് ശ്രീലങ്കയുടെ സ്കോർ ഒതുങ്ങി. ഓസ്ട്രേലിയൻ നിരയിൽ ആദം സാമ്പയാണ് മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. സാമ്പ മത്സരത്തിൽ 8 ഓവറുകളിൽ 47 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ദിൽഷൻ മധുശങ്ക ആദ്യ ഓവറുകളിൽ തന്നെ ഓസ്ട്രേലിയക്ക് പ്രഹരം ഏൽപ്പിച്ചു. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചെറിയ ഇടവേളയിൽ കൂടാരം കയറി. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് മിച്ചൽ മാർഷും ലബുഷൈനും ചേർന്ന് കെട്ടിപ്പടുത്തു.

ഇതോടെ ഓസ്ട്രേലിയ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. മിച്ചൽ മാർഷ് മത്സരത്തിൽ 51 പന്തുകളിൽ 52 റൺസാണ് നേടിയത്. ലബുഷൈൻ 60 പന്തുകളിൽ 40 റൺസ് നേടി. പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസ് ക്രീസിൽ ഉറച്ചു. ഒപ്പം അവസാന നിമിഷങ്ങളിൽ മാക്സ്വെല്ലിന്റെ ബിഗ് ഷോ കൂടെയായതോടെ ഓസ്ട്രേലിയ അനായാസം വിജയത്തിലേക്ക് നീങ്ങി.

ഇംഗ്ലീസ് മത്സരത്തിൽ 59 പന്തുകളിൽ 58 റൺസ് നേടി ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി. മാക്സ്വെൽ 21 പന്തുകളിൽ 31 റൺസാണ് നേടിയത്. എന്തായാലും ലോകകപ്പിൽ അനിവാര്യമായ ഒരു വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്. മറുവശത്ത് തിരിച്ചടികളുടെ ഒരു ഘോഷയാത്ര തന്നെയാണ് ശ്രീലങ്ക നേരിടുന്നത്.

Previous article❛അതിഥി തൊഴിലാളി❜ പണിയെടുത്തു. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വിജയ തുടക്കം.
Next articleഒളിമ്പിക്സിൽ ക്രിക്കറ്റ്‌ ഉൾപെടുത്താൻ കാരണം വിരാട് കോഹ്ലി. ഒളിമ്പിക്സ് ഡയറക്ടറുടെ ഞെട്ടിക്കുന്ന പ്രസ്താവന.