മറ്റൊരു ഇന്ത്യ- ന്യൂസിലാൻഡ് സെമിഫൈനൽ മത്സരത്തിന് 2023 ഏകദിന ലോകകപ്പിലൂടെ വേദിയൊരുങ്ങുകയാണ്. ലോകകപ്പുകളിൽ ഇന്ത്യയെ വളരെയധികം പ്രയാസപ്പെടുത്തിയിട്ടുള്ള ടീമാണ് ന്യൂസിലാൻഡ്. അതിനാൽ ചെറിയ പിഴവുകൾ പോലും ആവർത്തിക്കാതെ സെമിയിൽ ഒരു വലിയ വിജയം നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ സെമി നടക്കുക.
ലീഗ് ഘട്ടത്തിൽ വലിയ കുതിപ്പ് നടത്തിയാണ് ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. മറുവശത്ത് ന്യൂസിലാൻഡ് വളരെ പക്വതയോടെ ലീഗ് റൗണ്ട് ആരംഭിച്ചങ്കിലും അവസാന മത്സരങ്ങളിൽ സ്ഥിരത പുലർത്താൻ സാധിച്ചിട്ടില്ല.
സെമിഫൈനൽ മത്സരങ്ങളിൽ മഴ അതിഥിയായി എത്തുകയാണെങ്കിൽ ഏത് ടീം ഫൈനലിലേക്ക് യോഗ്യത നേടും എന്നത് എല്ലാവരിലും ഉയർന്നു കാണുന്ന ഒരു ചോദ്യമാണ്. ഇങ്ങനെ മഴയെത്തിയാൽ ഏത് ടീമുകൾ ഫൈനലിലേക്ക് എത്തും എന്ന് നമുക്ക് പരിശോധിക്കാം.
മുൻപ് 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡ് ഏറ്റുമുട്ടിയപ്പോൾ മഴ വില്ലനായി എത്തിയിരുന്നു. ശേഷം മാഞ്ചസ്റ്ററിൽ രണ്ടു ദിവസങ്ങളായാണ് മത്സരം നടന്നത്. ഇത്തവണ നവംബർ 15ന് രാത്രിയും പകലുമായാണ് സെമിഫൈനൽ മത്സരം നിശ്ചയിച്ചിരിക്കുന്നത്. മഴയെ തുടർന്ന് ഈ ദിവസം മത്സരം നടക്കാതിരിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്താൽ അടുത്ത ദിവസം മത്സരം തുടരും.
ഇതിനായി റിസർവ് ഡേ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ റിസർവ് ദിവസവും മഴയെ തുടർന്ന് മത്സരഫലം ഉണ്ടാവാതെ വരികയാണെങ്കിൽ അത് ഇന്ത്യയെയാണ് സഹായിക്കുക. റിസർവ് ദിവസവും കളി നടത്താൻ സാധിച്ചില്ലെങ്കിൽ ലീഗ് ഘട്ടത്തിലെ പോയിന്റ്സ് ടേബിളിന്റെ അടിസ്ഥാനത്തിലാവും ഫൈനലിലേക്ക് എത്തുന്ന ടീമിനെ നിശ്ചയിക്കുന്നത്.
അങ്ങനെ വരുമ്പോൾ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും. പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിയാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയത്. ന്യൂസിലാൻഡ് നാലാം സ്ഥാനക്കാരായി ആയിരുന്നു സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. അതിനാൽ തന്നെ ഫൈനലിലേക്ക് ഇന്ത്യയെത്തും.
മറുവശത്ത് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ നവംബർ 16ന് നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെയും അവസ്ഥ ഇതുതന്നെയാണ്. നിശ്ചയിച്ച ദിവസം കളി നടന്നില്ലെങ്കിൽ വെള്ളിയാഴ്ച റിസർവ് ദിവസം മത്സരം പുനരാരംഭിക്കും. ഈ ദിവസവും മഴ മൂലം മത്സരത്തിൽ ഫലം കാണാൻ സാധിച്ചില്ലെങ്കിൽ പോയിന്റ് പട്ടികയിലെ മുൻപന്മാരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും.
നിലവിൽ ദക്ഷിണാഫ്രിക്കയാണ് പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതിനാൽ തന്നെ ഈ സെമിഫൈനൽ മഴമൂലം മുടങ്ങിയാൽ ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് എത്തും.
അതായത് വരാനിരിക്കുന്ന രണ്ട് സെമിഫൈനലുകളും മഴ മൂലം മുടങ്ങുകയാണെങ്കിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാവും ഇത്തവണത്തെ ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. എന്നിരുന്നാലും കാലാവസ്ഥ അനുകൂലമായി രണ്ട് ആവേശ പോരാട്ടങ്ങളും നടക്കണം എന്ന പ്രതീക്ഷയിൽ തന്നെയാണ് ലോക ക്രിക്കറ്റ് ആരാധകർ.