ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായിരുന്നു കഴിഞ്ഞ വർഷത്തേത്. കഴിഞ്ഞവർഷം മത്സരിച്ച 14 മത്സരങ്ങളിൽ 10 മത്സരങ്ങളും പരാജയപ്പെട്ട് വെറും 8 പോയിൻ്റുകളോടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ആയിരുന്നു ചെന്നൈ സീസൺ അവസാനിപ്പിച്ചത്. ചെന്നൈയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചത് നായക മാറ്റവും ആയി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ആയിരുന്നു.
സീസൺ ആരംഭിക്കുന്നതിന് തൊട്ട് മുൻപായി ധോണി നായക സ്ഥാനത്ത് നിന്നും ഒഴിയുകയും സ്പിന്നറായ രവീന്ദ്ര ജഡേജയെ നായകസ്ഥാനം ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ ചെന്നൈ മാനേജ്മെൻ്റ് വിചാരിച്ച രീതിയിൽ ആയിരുന്നില്ല കാര്യങ്ങൾ പോയത്. തുടർ പരാജയങ്ങൾ നേരിട്ടപ്പോൾ രവീന്ദ്ര ജഡേജയെ നായക സ്ഥാനത്തു നിന്നും മാറ്റി ധോണിക്ക് വീണ്ടും ചുമതല നൽകി. ഇപ്പോഴിതാ മുൻ ഇന്ത്യൻ ഇതിഹാസം സുരേഷ് റെയ്ന വരാനിരിക്കുന്ന സീസണിൽ ജഡേജയെ കുറിച്ച് ഉള്ള ഒരു വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ്.
ഓസ്ട്രേലിയക്കെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത് പരിക്കിൽ നിന്നും മോചിതനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയെ ആയിരുന്നു. താരത്തിന്റെ ഈ പ്രകടനം ചെന്നൈയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ബാറ്റ് കൊണ്ടും ബൗള് കൊണ്ടും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജഡേജ ധോണിക്ക് വലിയൊരു പിന്തുണ തന്നെയാണ് താനെന്ന് തെളിയിക്കുമെന്നാണ് റെയ്ന പറഞ്ഞത്. പരിക്കിൽ നിന്നും മോചിതനായി തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയ താരം ചെന്നൈക്ക് മുതൽക്കൂട്ടാകും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗും താരത്തിന് പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തി. മാച്ച് വിന്നിങ് എബിലിറ്റിയെക്കുറിച്ചും ഓൾറൗണ്ട് പ്രകടനത്തെ കുറിച്ചും ആണ് ഹർഭജൻ സിംഗ് പ്രശംസിച്ചത്. ബൗളറായും ബാറ്ററിയുടെ റോളിലും ഇന്ത്യക്കായി തിളങ്ങാൻ താരത്തിന് സാധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നിലവിലെ ഓൾറൗണ്ടറിൽ ഒന്നാം സ്ഥാനത്ത് ജഡേജ ആണെന്നും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്ക്സിനെ മാത്രമാണ് താരത്തിനൊപ്പം താരതമ്യം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.