ഐപിഎല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് വമ്പന്‍ തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്സ് എടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം റുതുരാജ് ഗെയ്ക്വാദിനു കൈമാറി.
ഐപിഎല്ലിന്‍റെ സോഷ്യല്‍ മീഡിയ വഴിയാണ് റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതായി ആരാധകരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ധോണിയെ പുറത്താക്കി എന്ന തരത്തിലുള്ള ട്വീറ്റുകള്‍ ട്രെന്‍റിങ്ങായി.
ധോണിയെ പുറത്താക്കി എന്ന തരത്തിലുള്ള ട്വീറ്റുകള്‍ ഉയര്‍ന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുറിപ്പ് ഇറക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഈ.ഓ കാശി വിശ്വനാഥും ഈ സംഭവത്തില്‍ മൗനം വെടിഞ്ഞു. ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ മീറ്റിംഗിനു തൊട്ടുമുന്‍പാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് തന്നോട് അറിയിച്ചത് എന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമിന്‍റെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
”എന്ത് തീരുമാനം എടുത്താലും അത് ടീമിന്‍റെ ഏറ്റവും നല്ല താത്പര്യത്തിനനുസരിച്ചായിരിക്കും. അത് ധോണിയുടെ തീരുമാനമാണ്. അതിനെ മാനിക്കണം ” CSK സി.ഈ.ഓ പറഞ്ഞു. ഇതിനു മുന്‍പ് നടന്ന ക്യാപ്റ്റന്‍സി മാറ്റം നന്നായി നടന്നില്ലാ എന്നും എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മികച്ച രീതിയില്‍ നടക്കും എന്നും കാശി വിശ്വനാഥന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2022 ല്‍ രവീന്ദ്ര ജഡേജക്ക് മഹേന്ദ്ര സിങ്ങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയിരുന്നു. എന്നാല്‍ ടീമിന്‍റേയും ജഡേജയുടേയും പ്രകടനം മോശമായതോടെ ധോണി ക്യാപ്റ്റന്‍ സ്ഥാനം തിരികെ ഏറ്റെടുക്കുകയായിരുന്നു.