ഇന്ത്യൻ ടീമിൽ കൊണ്ടുവന്നാണോ താരങ്ങളെ വളർത്തുന്നത് ? പരിഹസിച്ച് ഗംഭീർ

ഒരിക്കലും ഏതെങ്കിലും പുതിയ താരങ്ങളെ വളർത്തി എടുക്കാനുള്ള വേദിയല്ല അന്താരാഷ്ട്ര ക്രിക്കറ്റും ഇന്ത്യൻ നാഷണൽ ക്രിക്കറ്റ്‌ ടീമെന്നും തുറന്ന് പറഞ്ഞ് ഗൗതം ഗംഭീർ.ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ പരീക്ഷണങ്ങളെ എല്ലാം ചൂണ്ടികാട്ടിയാണ് ഗൗതം ഗംഭീറിന്റെ വിമർശനമെന്നത് ശ്രദ്ധേയം.ആഭ്യന്തര ക്രിക്കറ്റിൽ അടക്കം അസാധ്യ പ്രകടനം പുറത്തെടുത്ത താരങ്ങൾക്ക്‌ മികച്ച അവസരം നൽകാനുള്ള വേദിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്‌ എന്നും പറഞ്ഞ ഗംഭീർ മികച്ച ആൾറൗണ്ടർമാരെ മൂന്ന് ഫോർമാറ്റിലും സൃഷ്ടിക്കാനുള്ള ഇന്ത്യൻ ടീമിന്‍റെ പരിശ്രമങ്ങളെ സൂചിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

“ഒരിക്കലും ഇല്ലാത്ത ഒന്നിനെ നമുക്ക് സൃഷ്ടിക്കാൻ സാധിക്കില്ല.പകരം നമ്മൾ എല്ലാം ആ കാര്യം അംഗീകരിച്ചുകൊണ്ട് മുൻപോട്ട് പോകുകയും അതിനൊപ്പം പദ്ധതികൾ തയ്യാറാക്കുകയും ചെയ്യണം. മികച്ച ഒരു ആൾറൗണ്ടർക്കായി ഇന്ത്യൻ ടീം ധാരാളം താരങ്ങളെ ഇതിനകം തന്നെ പരീക്ഷിച്ച് കഴിഞ്ഞു. എന്നാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട കാര്യമിതാണ്‌ ഒരിക്കലും മറ്റൊരു കപിൽ ദേവിനെ നമുക്ക് സൃഷ്ടിക്കാനായി സാധിക്കില്ല.

താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ച് വളർത്തിയെടുക്കാമെന്നുള്ള രീതിയും തെറ്റാണ്. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച് നിൽക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമിലേക്ക് എത്തേണ്ടത് “ഗംഭീർ തന്റെ അഭിപ്രായം വ്യക്തമാക്കി.

“ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവിന് ശേഷം ഒരു ട്രൂ ആൾറൗണ്ടർ ഇല്ല എന്നത് സത്യമാണ്.നിങ്ങളുടെ കൈവശം ഒന്നും തന്നെ ഇല്ലെങ്കിൽ അത് അംഗീകരിക്കാൻ ശ്രമിക്കുക.കൂടാതെ രണ്ടാം കപിൽ ദേവ് എന്നുള്ള ലക്ഷ്യത്തിൽ നിന്നും മാറി മികച്ച ആൾറൗണ്ടർമാരെ ആഭ്യന്തര ക്രിക്കറ്റിൽ സൃഷ്ടിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് “ഗംഭീർ വിമർശനം കടുപ്പിച്ചു.

Previous articleലേലപട്ടികയിൽ സ്ഥാനം നേടി ശ്രീശാന്ത് :ആകാംക്ഷയിൽ മലയാളികൾ
Next articleകോടികൾ അവൻ നേടും :വമ്പൻ പ്രവചനവുമായി മുൻ താരം