രാജസ്ഥാന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു രസകരമായ ക്യാച്ച് സ്വന്തമാക്കി ട്രെന്റ് ബോൾട്ട്. സാധാരണ കണ്ടം ക്രിക്കറ്റുകളിൽ കാണുന്ന തരത്തിൽ ഒരു സൂപ്പർ ക്യാച്ചാണ് ബോൾട്ട് സ്വന്തമാക്കിയത്. ഗുജറാത്ത് ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ രണ്ടാം പന്ത് വൃദ്ധിമാൻ സാഹ ഒരു തകർപ്പൻ ബൗണ്ടറി നേടുകയുണ്ടായി. ശേഷം മൂന്നാം പന്ത് അല്പം മൂവ് ചെയ്യുന്ന തരത്തിൽ ലെങ്ത് ഡെലിവറിയാണ് ബോൾട്ട് എറിഞ്ഞത്. ഇത് കൃത്യമായി നിർണയിക്കുന്നതിൽ സാഹ പരാജയപ്പെടുകയായിരുന്നു.
ശേഷം ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് നന്നായി ഉയർന്നു. പന്ത് കൈപ്പിടിയിൽ ഒതുക്കാനായി സഞ്ജു സാംസൺ മുന്നിലേക്ക് ഓടിയെത്തി. എല്ലാ അർത്ഥത്തിലും കീപ്പറുടെ ക്യാച്ച് ആയിരുന്നു അത്. കാരണം അത്രമാത്രം ഉയരത്തിൽ പന്ത് എത്തിയിരുന്നു. സഞ്ജു സാംസൺ കൃത്യമായി കോൾ ചെയ്ത ശേഷമാണ് ക്യാച്ചിനായി ഓടിയെത്തിയത്. ഇത് ശ്രദ്ധിക്കാതെ രണ്ടു വശങ്ങളിൽ നിന്നും മറ്റു രണ്ടു ഫീൽഡർമാർ കൂടി എത്തി. ഇതോടെ വലിയൊരു കൊളീഷൻ തന്നെ മൈതാനത്ത് ഉണ്ടായി.
അങ്ങനെ സഞ്ജു സാംസനും ഹെറ്റ്മെയറും മറ്റൊരു ഫീൽഡറും കൂടി ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയുണ്ടായി. പന്ത് കൃത്യമായി സഞ്ജുവിന്റെ ഗ്ലൗസിൽ കൊണ്ടശേഷം ഉയർന്നു. ഇത് കണ്ട ബോൾട്ട് അവസരത്തിനൊത്ത് പ്രവർത്തിച്ച് പന്ത് കൈപ്പിടിയിൽ ഒതുക്കുകയാണ് ഉണ്ടായത്. അമ്പയർമാരെ പോലും ഈ സംഭവം ചിരിപ്പിക്കുകയുണ്ടായി. മാത്രമല്ല കമന്ററി ബോക്സിലും ഇത് വലിയ രീതിയിലുള്ള പൊട്ടിച്ചിരി ഉണ്ടാക്കി. എന്നിരുന്നാലും വലിയ പരിക്കിൽ നിന്നാണ് രാജസ്ഥാന്റെ മൂന്ന് താരങ്ങൾ രക്ഷപ്പെട്ടത്.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. പതിവുപോലെ ശുഭമാൻ ഗിൽ(45) ഗുജറാത്തിന് മികച്ച തുടക്കം തന്നെ മത്സരത്തിൽ നൽകുകയുണ്ടായി. എന്നാൽ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ രാജസ്ഥാൻ വിജയിക്കുകയായിരുന്നു. ശേഷം അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും(46) അഭിനവ് മനോഹറും(27) അടിച്ചുതകർത്തോടെ ഗുജറാത്ത് 177 എന്ന മികച്ച സ്കോറിൽ എത്തുകയുണ്ടായി.