മഹേന്ദ്ര സിങ്ങ് ധോണിയുമായുള്ള താരതമ്യത്തിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍. ഇംഗ്ലണ്ടിനെതിരെയുള്ള റാഞ്ചി ടെസ്റ്റില്‍ 90 റണ്‍സുമായി തിളങ്ങി എല്ലാവരുടേയും ശ്രദ്ധ നേടിയിരുന്നു. മത്സരത്തില്‍ കമന്‍ററി ചെയ്യുകയായിരുന്ന സുനില്‍ ഗവാസ്കര്‍ ധോണിയുമായി ജൂറലിനെ താരതമ്യം ചെയ്ത് സംസാരിച്ചു.
ജൂറലിന്‍റെ വിക്കറ്റ് കീപ്പിങ്ങ് സ്കില്ലും പ്രസെന്‍സ് ഓഫ് മൈന്‍റും കണ്ട് അടുത്ത ധോണിയാണ് എന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് ഗവാസ്കര്‍ കമന്‍റ് ചെയ്തത്. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ ഇതിനെക്കുറിച്ച് ധ്രുവ് ജൂറല്‍ പ്രതികരിച്ചു.
ഗവാസ്കറിനു നന്ദി പറഞ്ഞു കൊണ്ടാണ് ജൂറല്‍ തുടങ്ങിയത്. “ധോണി സാറുമായി എന്നെ താരതമ്യം ചെയ്തതിന് വളരെ നന്ദി ഗവാസ്‌കർ സാർ. എന്നാൽ ധോണി സാർ ചെയ്തത് ആർക്കും ആവർത്തിക്കാനാവില്ല. ഒരേയൊരു ധോണി മാത്രമേ ഉള്ളൂ. എപ്പോഴും ഉണ്ടായിരുന്നു, എപ്പോഴും ഉണ്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ധ്രുവ് ജൂറൽ ആകണം. ഞാൻ എന്ത് ചെയ്താലും ധ്രുവ് ജൂറൽ ആയി തന്നെ ചെയ്യണം.” ഇന്ത്യന്‍ യുവ താരം പറഞ്ഞു.
ധോണി ഇതിഹാസമാണെന്നും അത് അങ്ങനെ തന്നെയായി തുടരുമെന്നും ജൂറല്‍ കൂട്ടിചേര്‍ത്തു. കൂടാതെ തന്‍റെ വാട്ട്സപ്പ് ഡിസ്പ്ലേ പിക്ചര്‍ ധോണിയുടെ ഫോട്ടോയാണ് എന്നും വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലെ കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു ധ്രുവ് ജൂറല്‍. 4 ഇന്നിംഗ്സില്‍ നിന്നായി 63 ശരാശരിയില്‍ 190 റണ്‍സാണ് ജൂറല്‍ സ്കോര്‍ ചെയ്തത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് ധ്രുവ് ജൂറല്‍.