മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യമത്സരത്തിൽ കിടിലൻ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ചെന്നൈയുടെ പുതിയ താരമായ ഖലീൽ അഹമ്മദിന് സാധിച്ചിരുന്നു. തുടക്കത്തിൽ തന്നെ മുംബൈയുടെ സൂപ്പർ താരം രോഹിത് ശർമയെ പുറത്താക്കിയാണ് ഖലീൽ അഹമ്മദ് തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്.
പവർപ്ലെ ഓവറുകളിൽ മുംബൈയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കാൻ ഖലീൽ അഹമ്മദിന് സാധിച്ചു. ഇതിനുശേഷം താരത്തെ അങ്ങേയറ്റം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഖലീൽ അഹമ്മദിനെ ലേലത്തിൽ സ്വന്തമാക്കാനുള്ള ചെന്നൈയുടെ തീരുമാനം വളരെ മികച്ചതായിരുന്നു എന്ന് ആകാശ് ചോപ്ര കുറിക്കുകയുണ്ടായി.
ഇത്തവണത്തെ മെഗാ ലേലത്തിൽ 5 കോടി രൂപയ്ക്കായിരുന്നു ചെന്നൈ ഖലീൽ അഹമ്മദിനെ തങ്ങളുടെ ടീമിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇപ്പോൾ ആകാശ് ചോപ്ര രംഗത്ത് എത്തിയത്. “കഴിഞ്ഞ 2-3 സീസണുകളിലായി ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഖലീൽ അഹമ്മദിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ 5 കോടി രൂപയ്ക്ക് അങ്ങനെയൊരു താരത്തെ ലഭിക്കുക എന്നത് ചെന്നൈയെ സംബന്ധിച്ച് വളരെ ലാഭകരമാണ്. ആദ്യ മത്സരത്തിൽ തന്നെ ചെന്നൈക്കായി ഇമ്പാക്ട് ഉള്ള പ്രകടനം ഖലീൽ കാഴ്ചവച്ചു. ടൂർണ്ണമെന്റ് മുൻപോട്ടു പോകുമ്പോൾ ഇനിയും താരത്തിൽ നിന്ന് ഇത്തരത്തിലുള്ള പ്രകടനം ഉണ്ടാകുമെന്നത് ഉറപ്പാണ്. അവൻ ഫിറ്റ്നസോടെ തന്നെ തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു.”- ചോപ്ര പറയുന്നു.
മുംബൈയ്ക്കെതിരായ മത്സരത്തിൽ 3 വിക്കറ്റുകൾ ആയിരുന്നു ഖലീൽ അഹമ്മദ് സ്വന്തമാക്കിയത്. രോഹിത് ശർമയെ പൂജ്യനായി മടക്കിയ ഖലീൽ പിന്നീട് മുംബൈയുടെ മറ്റൊരു ഓപ്പണറായ റിക്കൽട്ടനെ ബൗൾഡാക്കി മടക്കിയിരുന്നു. പിന്നീട് അവസാന ഓവറിൽ തിരിച്ചു വന്ന ഖലീൽ ട്രെൻഡ് ബോൾട്ടിന്റെ വിക്കറ്റും സ്വന്തമാക്കുകയുണ്ടായി ഇതോടെ നാലോവറുകളിൽ 29 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ഖലീൽ അഹമ്മദിന് സാധിച്ചു. ചെന്നൈയെ സംബന്ധിച്ച് താരത്തിന്റെ പ്രകടനം വളരെ നിർണായകമായിരുന്നു.
ഖലീൽ അഹമ്മദിനൊപ്പം മത്സരത്തിൽ ചെന്നൈക്കായി മികവ് പുലർത്തിയ മറ്റൊരു താരം നൂർ അഹമ്മദാണ്. മത്സരത്തിൽ 18 റൺസ് മാത്രം വിട്ടുനൽകിയാണ് നൂർ 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇരുവരുടെയും മികവിലായിരുന്നു മുംബൈ ഇന്ത്യൻസിനെ കേവലം 155 റൺസിന് ചെന്നൈ പുറത്താക്കിയത്. മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്കായി രചിൻ രവീന്ദ്രയും നായകൻ ഋതുരാജും അർദ്ധ സെഞ്ച്വറികൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. 45 പന്തുകളിൽ 65 റൺസാണ് രചിൻ രവീന്ദ്ര മത്സരത്തിൽ നേടിയത്. ഋതുരാജ് 26 പന്തുകളിൽ 53 റൺസ് നേടി.