ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിൽ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ മഞ്ഞപ്പട. അത്യന്തം ആവേശകരമായ മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് പരാജയമേറ്റുവാങ്ങിയ ചെന്നൈയെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഇത്. മുൻനിരയുടെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഒപ്പം മൊയീൻ അലിയുടെ സ്പിൻ തന്ത്രങ്ങളും ചെന്നൈയെ വലിയ രീതിയിൽ സഹായിച്ചു.
മത്സരത്തിൽ ടോസ് ഭാഗ്യം ലക്നൗവിനൊപ്പമാണ് നിന്നത്. മത്സരത്തിന്റെ അവസാന സമയങ്ങളിൽ മഞ്ഞുതുള്ളി സാന്നിധ്യമാകാൻ സാധ്യതയുള്ളതിനാൽ ക്യാപ്റ്റൻ രാഹുൽ ബോളിംഗാണ് തിരഞ്ഞെടുത്തത്. എന്നാൽ ഈ തീരുമാനം തെറ്റാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് ഓപ്പണർമാരായ ഋതുരാജും കോൺവെയും ചെന്നൈക്ക് നൽകിയത്. ആദ്യ ഓവറുകളിൽ ലക്നൗ ബോളർമാരെ പഞ്ഞിക്കിടാൻ ഇരുവർക്കും സാധിച്ചു. ഋതുരാജ് മത്സരത്തിൽ 31 പന്തുകളിൽ 59 റൺസ് നേടി. കോൺവെ 29 പന്തുകളിൽ 47 റൺസാണ് നേടിയത്. ഇരുവരും പുറത്തായതിനുശേഷം ക്രീസിലെത്തിയ ശിവം ദുബെ(27), അമ്പട്ടി റായിഡു(27) എന്നിവരും ചെന്നൈക്കായി കളം നിറയുകയായിരുന്നു. അവസാന ഓവറുകളിൽ ധോണിയുടെ വെടിക്കെട്ട് കൂടിയായതോടെ ചെന്നൈ 217 എന്ന വമ്പൻ സ്കോറിൽ എത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് തകർപ്പൻ തുടക്കം തന്നെയാണ് ഓപ്പണർ കൈൽ മേയേഴ്സ് നൽകിയത്. ആദ്യ ഓവറുകളിൽ ചെന്നൈ ബോളർമാർക്ക് മേൽ സംഹാരമാടാൻ മേയേഴ്സിന് സാധിച്ചു. കേവലം 22 പന്തുകളിൽ 53 റൺസാണ് മെയേഴ്സ് മത്സരത്തിൽ നേടിയത്. 8 ബൗണ്ടറികളും രണ്ട് സിക്സറുകളും ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്നാൽ മേയേഴ്സ് പുറത്തായതോടെ ചെന്നൈ മത്സരത്തിലേക്ക് തിരികെയേത്തുകയായിരുന്നു. 18 പന്തുകളിൽ 32 റൺസ് നേടിയ നിക്കോളാസ് പൂറൻ ലക്നൗവിനായി പൊരുതി. എന്നാൽ ടീമിനെ ലക്ഷ്യത്തിലെത്തിക്കാൻ പൂരന് സാധിച്ചില്ല. മത്സരത്തിൽ 12 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈയ്ക്കായി മൊയീൻ അലി നാലു വിക്കറ്റുകൾ വീഴ്ത്തി മികവുകാട്ടി.
2022 സീസണിൽ പോയിന്റ്സ് ടെബിളിൽ ഒമ്പതാം സ്ഥാനത്ത് ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഫിനിഷ് ചെയ്തത്. എന്നാൽ ഇത്തവണ ബോളിംഗ് നിരയിൽ കുറച്ചുകൂടി മികവുപുലർത്തി പ്ലേയോഫിൽ എത്തുക എന്നതാണ് ചെന്നൈയുടെ പ്രാഥമിക ലക്ഷ്യം. അതിന് അങ്ങേയറ്റം ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ചെപ്പോക്കിലെ മത്സരത്തിൽ ലഭിച്ചത്.